റിയാദില്‍നിന്നു മംഗലാപുരത്തേക്കു നേരിട്ട് വിമാനസര്‍വീസ് വേണം: പയ്യന്നൂര്‍ സൌഹൃദവേദി
Sunday, October 11, 2015 3:25 AM IST
റിയാദ്: റിയാദില്‍നിന്നു കേരളത്തിലേക്ക് എല്ലാ വിമാനക്കമ്പനികളും ഉയര്‍ന്ന യാത്രാക്കൂലി ഈടാക്കി സാധാരണക്കാരായ പ്രവാസികളെ പിഴിയുന്ന ഈ അവസരത്തില്‍ കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്കും മംഗലാപുരത്തേക്കും ബജറ്റ് എയര്‍ലൈന്‍സുകള്‍ ആരംഭിക്കണമെന്നും വടക്കേ മലബാറിലെ യാത്രാദുരിതം പരിഹരിക്കുന്നതിനായി മംഗലാപുരത്തേക്കു റിയാദില്‍നിന്നു നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കണമെന്നും പയ്യന്നൂര്‍ സൌഹൃൂദവേദി റിയാദ് ചാപ്റ്റര്‍ യോഗം ആവശ്യപ്പെട്ടു.

കണ്ണൂര്‍ കാസര്‍കോഡ് വയനാട് ജില്ലകളില്‍നിന്നും ദക്ഷിണ കര്‍ണാടകയില്‍നിന്നുമായി ആയിരക്കണക്കിന് പ്രവാസികള്‍ റിയാദിലുണ്ട്. ഗള്‍ഫിലെ പ്രമുഖ എയര്‍പോര്‍ട്ടുകളില്‍നിന്നെല്ലാം മംഗലാപുരത്തേക്കു നേരിട്ട് വിമാന സര്‍വീസ് ഉണ്െടങ്കിലും റിയാദിനെ വര്‍ഷങ്ങളായി അധികൃതര്‍ അവഗണിക്കുകയാണ്. കണ്ണൂരും കാസര്‍കോഡുമുള്ളവര്‍ കോഴിക്കോട് എയര്‍പോര്‍ട്ടിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ റണ്‍വേ അറ്റകുറ്റപ്പണികളുടെ പേരില്‍ കോഴിക്കോട്ടേക്കും നേരിട്ട് വിമാനമില്ലാത്തതിനാല്‍ കൊച്ചി വിമാനത്താവളത്തേയാണ് അധിക പേരും ആശ്രയിക്കുന്നത്. ഇത് വടക്കന്‍ മലബാറില്‍നിന്നുള്ള യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിയിരിക്കയാണ്. ഇത് സംബന്ധിച്ച് പ്രവാസികളില്‍നിന്നും ഒപ്പ് ശേഖരിച്ച് വ്യോമയാന മന്ത്രിക്കും എയര്‍ ഇന്ത്യാ അധികൃതര്‍ക്കും നിവേദനം നല്‍കുമെന്നു പിഎസ്വി ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് ബാബു ഗോവിന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഇസ്മഈല്‍ കാരോളം സ്വാഗതവും കണ്‍വീനര്‍ വിനോദ് വേങ്ങയില്‍ നന്ദിയും പറഞ്ഞു. അഷ്റഫ് ടി.എ.ബി, മധു നമ്പ്യാര്‍, മുരളീധരന്‍, ദിനേശന്‍, സുരേഷ് കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍