ഫാ. ക്രിസ്റി പറമ്പുകാട്ടില്‍ സില്‍വര്‍ ജൂബിലി നിറവില്‍
Sunday, October 11, 2015 3:22 AM IST
പാറ്റേഴ്സണ്‍ (ന്യൂജേഴ്സി): പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളി വികാരി റവ. ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടില്‍ പുരോഹിത ശുശ്രൂഷയുടെ കര്‍മ്മനിരതമായ 25 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഒക്ടോബര്‍ 17-നു (ശനിയാഴ്ച) നടക്കുന്ന ക്രിസ്റി അച്ചന്റെ പൌരോഹിത്യ രജതജൂബിലി ആഘോഷങ്ങള്‍ വിജയമാക്കുന്നതിനായി ഇടവകസമൂഹം ഒറ്റക്കെട്ടായി പരിശ്രമിക്കുന്നു.

ഷിക്കാഗോ രൂപതാ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഓക്സിലറി ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, ജൂബിലേറിയന്‍ എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലും നിരവധി വൈദികരുടെ സഹകാര്‍മികത്വത്തിലും അര്‍പ്പിക്കപ്പെടുന്ന കൃതഞ്ജതാബലിയോടെ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. പൊതുസമ്മേളനം, വിവിധ കള്‍ച്ചറല്‍ പരിപാടികള്‍, ബാങ്ക്വറ്റ് എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

തൊട്ടതെല്ലാം പൊന്നാക്കിയ ക്രിസ്റി അച്ചന്‍ ഇന്‍ഡ്യയിലും, അമേരിക്കയിലുമായി തന്റെ 25 വര്‍ഷങ്ങളിലെ ദൈവപരിപാലനയിലൂന്നിയ പ്രവര്‍ത്തനങ്ങളിലൂടെ പലയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന സീറോ മലബാര്‍ സമൂഹങ്ങളെ സ്നേഹത്തിലും, ഐക്യത്തിലും, പരസ്പര സഹകരണത്തിലും ഒരുമിപ്പിച്ച് പുതിയ മിഷന്‍ സെന്ററുകള്‍ക്കു തുടക്കമിടുന്നതിനും, മിഷനുകളെ ഇടവകകളായി ഉയര്‍ത്തുന്നതിനും അക്ഷീണ പരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു.

കണ്ണൂര്‍ ജില്ലയില്‍ ആര്യപറമ്പിലെ കുടിയേറ്റകര്‍ഷകകുടുംബമായ പറമ്പുകാട്ടില്‍ പരേതനായ ഏബ്രാഹം, ലീലാമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ മൂന്നാമത്തെ മകനായി ജനിച്ച ജേക്കബ് ക്രിസ്റി അലച്ചേരി യുപി സ്കൂള്‍, കോളയാട് സെന്റ് കൊര്‍ണേലിയൂസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം തലശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരിയിലും, കോട്ടയം വടവാതൂര്‍ സെന്റ് തോമസ് മേജര്‍ സെമിനാരിയിലുമായി വൈദികപഠനം പൂര്‍ത്തിയാക്കി. ബാംഗ്ളൂര്‍ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍നിന്നു ദൈവശാസ്ത്രത്തില്‍ മാസ്റര്‍ ബിരുദം കരസ്ഥമാക്കിയ ക്രിസ്റി അച്ചന്‍ റോമില്‍നിന്നും കാനോന്‍ നിയമത്തില്‍ ബിരുദവും, തിരുപ്പതി യൂണിവേഴ്സിറ്റിയില്‍നിന്നും ആര്‍ട്ട്സ് ആന്‍ഡ് ലിറ്ററേച്ചറില്‍ മറ്റൊരു മാസ്റര്‍ ബിരുദവും കരസ്ഥമാക്കി. കൂടാതെ അടുത്തകാലത്തായി ഹാക്കന്‍സാക്ക് യുഎംസിയില്‍നിന്നും ക്ളിനിക്കല്‍ പാസ്ററല്‍ എജ്യൂക്കേഷനില്‍ ലൈസന്‍സ് സമ്പാദിച്ച് പസായിക് സെ. മേരീസ് ജനറല്‍ ഹോസ്പിറ്റലില്‍ പാര്‍ട്ട് ടൈം ചാപ്ളെയിന്‍ ആയും ജോലിചെയ്യുന്നു.

1990 ഡിസംബര്‍ 31 നു വൈദികപട്ടം സ്വീകരിച്ച ഫാ. ജേക്കബ് ക്രിസ്റി തലശേരി രൂപതയുടെ കീഴില്‍ ചെമ്പന്‍തൊട്ടി സെന്റ് ജോര്‍ജ് പള്ളി അസിസ്റന്റ് വികാരിയായും, രത്നഗിരി സെന്റ് സെബാസ്റ്യന്‍സ്, ദീപഗിരി സെന്റ് തോമസ് എന്നിവിടങ്ങളില്‍ വികാരിയായും, തലശേരി ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് വലിയമറ്റത്തിന്റെ സെക്രട്ടറിയായും, കര്‍ണാടകയിലെ ഹെബ്രിയില്‍ പുതിയൊരു കാത്തലിക് മിഷനു രൂപം കൊടുത്ത് അതിന്റെ സ്ഥാപക ഡയറക്ടറായും, രൂപതാട്രിബ}ണല്‍ ജഡ്ജിയായും, ബല്‍ത്തങ്ങാടി രൂപതയുടെ കീഴില്‍ മണിപ്പാല്‍ സെന്റ് ജോസഫില്‍ വികാരിയായും 12 വര്‍ഷം ഇന്‍ഡ്യയില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചശേഷം 2002 സെപ്റ്റംബറില്‍ അമേരിക്കയിലെത്തി.

ഷിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയുടെ ആസ്ഥാനദേവാലയമായ മാര്‍ തോമ്മാശ്ളീഹാ കത്തീഡ്രലില്‍ അസിസ്റന്റ് വികാരിയായി അമേരിക്കയിലെ ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ച ക്രിസ്റിയച്ചന്‍ 2003 ഫെബ്രുവരി 15 നു ഫിലാഡല്‍ഫിയാ സീറോ മലബാര്‍ മിഷന്‍ ഡയറക്ടറായി നിയമിതനായി. സിഎംഐ വൈദികരുടെ ആത്മീയ നേതൃത്വത്തില്‍ രണ്ടുദശാബ്ദക്കാലമായി പലപള്ളികളിലായി മാറി മാറി ആരാധനകള്‍ നടത്തിക്കൊണ്ടിരുന്ന ഫിലാഡല്‍ഫിയാ സീറോ മലബാര്‍ സമൂഹത്തിനു ക്രിസ്റിയച്ചന്റെ വരവ് ഉണര്‍വേകി. അച്ചന്റെ നിരന്തര പരിശ്രമഫലമായി ഫിലാഡല്‍ഫിയ മിഷന്‍ 2005 ല്‍ ഇടവകയായി ഉയര്‍ത്തപ്പെടുകയും, ക്രിസ്റിയച്ചന്‍ സ്ഥാപകവികാരിയാവുകയും ചെയ്തു.

ഫിലാഡല്‍ഫിയാ ഇടവകവികാരിയായിരിക്കെ ജെങ്കിന്‍ ടൌണ്‍ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ പള്ളിയില്‍ അസോസിയേറ്റ് പാസ്ററായും സേവനമനുഷ്ടിച്ചു. ഡെലവെയര്‍ ആസ്ഥാനമായി ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴില്‍ പുതിയൊരു സീറോമലബാര്‍ മിഷനു രൂപം കൊടുത്ത് അതിന്റെ സ്ഥാപക ഡയറക്ടറായി. ഈ കാലയളവില്‍ ഇടവക കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്. 250ല്‍ പരം കുട്ടികള്‍ പഠിക്കുന്ന മതബോധനസ്കൂള്‍, വിവിധ ഭക്തസംഘടനകള്‍, യുവജനങ്ങളുടെ ഏകീകരണം, ഡെലവെയറിലും, അപ്പര്‍ ഡാര്‍ബിയിലും മാസത്തിലൊരിക്കല്‍ കുര്‍ബാന, കുടുംബവാര്‍ഡുകളുടെ രൂപീകരണം, പാര്‍ക്കിംഗ് ലോട്ടിന്റെ വികസനം, സര്‍വോപരി ഇടവകദേവാലയം സ്വന്തമെന്നു ഹൃദയത്തില്‍ താലോലിച്ചുനടന്ന ഒരു വിശ്വാസിസമൂഹത്തിന്റെ വളര്‍ച്ച എന്നിവ അച്ചന്റെ നേട്ടങ്ങളുടെ പട്ടികയില്‍പെടുന്ന ചില കാര്യങ്ങള്‍ മാത്രമാണ്.

ആറുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയിലേക്കു സ്ഥലം മാറിപ്പോയ ഫാ. ജേക്കബ് ക്രിസ്റി അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ദേവാലയത്തിന്റെ നവീകരണം നടത്തുകയും പിയര്‍ലാന്‍ഡ് ആസ്ഥാനമായി പുതിയൊരു മിഷനു തുടക്കമിടുകയും ഭാവിയില്‍ ദേവാലയം പണിയുന്നതിനായി 10 ഏക്കര്‍ സ്ഥലം വാങ്ങിക്കുകയും ചെയ്തു.

2013 ഡിസംബര്‍ ഒന്നിനു ഗാര്‍ഫീല്‍ഡ് സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ സീറോമലബാര്‍ മിഷന്‍ ഡയറക്ടറും, ഔവര്‍ ലേഡി ഓഫ് സോറോസ് പാരീഷ് അഡ്മിനിസ്ട്രേറ്ററുമായി ചാര്‍ജെടുത്ത ബഹുമാനപ്പെട്ട ക്രിസ്റി അച്ചന്‍ നിരന്തരമായ പരിശ്രമത്തിലൂടെ ഒരു വര്‍ഷംകൊണ്ട് പുതിയൊരു ദേവാലയം സ്വന്തമാക്കി. 2000 ല്‍ എളിയ രീതിയില്‍ ആരംഭിച്ച് നോര്‍ത്ത് ജേഴ്സിയുടെ പലഭാഗങ്ങളില്‍ പത്തു വാര്‍ഡു കൂട്ടായ്മകളിലായി വിന്യസിച്ചുകിടന്ന ഗാര്‍ഫീല്‍ഡ് സീറോമലബാര്‍ മിഷന്‍ ക്രിസ്റി അച്ചന്റെ നേതൃത്വത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട് ഇന്നു 700 പേര്‍ക്ക് ഒന്നിച്ച് ആരാധനയില്‍ പങ്കെടുക്കാന്‍ സൌകര്യമുള്ള ദേവാലയവും, പാരീഷ് ഹാളും, പതിനഞ്ചിലധികം മുറികളുള്ള പള്ളിമേടയും സ്വന്തമാക്കിയത് ഇടവകജനങ്ങളുടെ നിരന്തര പ്രാര്‍ത്ഥനയുടെയും, ത്യാഗത്തിന്റെയും, അക്ഷീണപ്രയത്നത്തിന്റെയും ഫലമായാണ്.

ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്, റവ. ഫാ. പോള്‍ കോട്ടക്കല്‍ എന്നിവര്‍ക്കുശേഷം മിഷന്റെ മൂന്നാമത്തെ ഡയറക്ടറായി ചാര്‍ജെടുത്ത ക്രിസ്റി അച്ചന്റെ ദീര്‍ഘവീക്ഷണവും, നേതൃപാടവവും, ദേവാലയനിര്‍മാണത്തിലും, നവീകരണത്തിലുമുള്ള മുന്‍പരിചയവും, ഇടവകജനങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുപോകുന്നതിനുള്ള വൈഭവവും പള്ളി വാങ്ങലിനു ആക്കം കൂട്ടി. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ ദേവാലയം വാങ്ങാന്‍ സാധിച്ചു എന്നത് ഒരു അസാധാരണ നേട്ടം തന്നെയാണ്. നേതൃപാടവം, സമൂഹത്തെ ഐക്യത്തില്‍ ഒന്നിച്ചുകൊണ്ടുപോകുന്നതിനുള്ള കഴിവ്, പ്രാര്‍ത്ഥനാപൂര്‍ണമായ ജീവിതം, മറ്റുള്ളവരോട് സഹാനുഭൂതി, സൌമ്യമായ പെരുമാറ്റം എന്നിവ ക്രിസ്റി അച്ചന്റെ സ്വഭാവമഹിമകളില്‍ ചിലതുമാത്രം.

ജൂബിലി ആഘോഷങ്ങള്‍ ഭംഗിയാക്കുന്നതിനായി ട്രസ്റിമാരായ ജോയി ചാക്കപ്പന്‍, ഫ്രാന്‍സിസ് പള്ളുപേട്ട എന്നിവരുടെ നേതൃത്വത്തില്‍ എ.സി. ജയിംസ് (രജിസ്ട്രേഷന്‍), ഫ്രാന്‍സിസ് കാരക്കാട്ട് (ഹോസ്പിറ്റാലിറ്റി), സോമി പോള്‍ (കള്‍ച്ചറല്‍), റോയി മാത്യു (ട്രാന്‍സ്പോര്‍ട്ടേഷന്‍), ആന്റണി പുത്തങ്കളം (ഡെക്കറേഷന്‍), മരിയ തോട്ടുകടവില്‍ (വിമന്‍സ് ഫോറം), ജോര്‍ജ് മുണ്ടഞ്ചിറ (പബ്ളിസിറ്റി) എന്നിവര്‍ ചെയര്‍മാന്മാരായി വിവിധ സബ്കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. സെക്രട്ടറി ആന്റ് പി. ആര്‍.ഒ. സിറിയക്ക് കുര്യന്‍, ഷിക്കാഗോ രൂപതാ മുന്‍ പാസ്ററല്‍ കൌണ്‍സില്‍ അംഗം സെബാസ്റ്യന്‍ ടോം എന്നിവര്‍ സംയുക്തമായി അറിയിച്ചതാണീ വിവരങ്ങള്‍.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍