യോജിച്ച പ്രക്ഷോഭത്തിനു ആഹ്വാനവുമായി പ്രവാസി പ്രതിഷേധ സംഗമം
Saturday, October 10, 2015 8:21 AM IST
ദമാം: കരിപ്പൂര്‍ നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണാന്‍ പ്രവാസികളുടെ യോജിച്ച ശ്രമം അനിവാര്യമെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. 'കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കരുത്' എന്ന കാമ്പയിനിന്റെ ഭാഗമായി പ്രവാസി സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ബദര്‍ അല്‍ റബി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് വിമാനത്താവള ത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നത്.

ലോകത്തു കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ അറ്റകുറ്റ പണിയുടെ പേരില്‍ ദീര്‍ഘകാലം അടച്ചിടുന്നത് ചില താത്പര്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണെന്ന് വിഷയമവതരിപ്പിച്ചു സംസാരിച്ച ഷബീര്‍ ചാത്തമംഗലം അഭിപ്രായപ്പെട്ടു. കരിപ്പൂരിനുവേണ്ടി മുഴുവന്‍ പ്രവാസികളും ശബ്ദിക്കണമെന്നു അബൂബക്കര്‍ പൊന്നാനി (പ്രവാസി) ആമുഖ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങള്‍ അട്ടിമറിക്കാന്‍ മാത്രം ശീലിച്ച ചില ഉദ്യോഗസ്ഥരുടെ ശ്രമങ്ങള്‍ പൊളിക്കാന്‍ പ്രവാസി സംഘടനകള്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് സി. അബ്ദുള്‍ ഹമീദ് (ഒഐസിസി) അഭിപ്രായപ്പെട്ടു.

പൊതുമേഖലയിലുള്ള വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും കരിപ്പൂര്‍ സംരക്ഷണത്തിനു തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ആലിക്കുട്ടി ഒളവട്ടൂര്‍ (കെഎംസിസി) വ്യക്തമാക്കി.

പ്രക്ഷോഭ പരിപാടികള്‍ക്ക് കൃത്യതയും തുടര്‍ച്ചയുമുണ്ടായാല്‍ മാത്രമേ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമം മറികടക്കാനാവൂ എന്ന് ഷരീഫ് മേലാറ്റൂര്‍ (തനിമ) പറഞ്ഞു.

വിമാനത്താവളമെന്നതിലുപരി സാധാരണക്കാരായ പ്രവാസികളുടെ വികാരമായ കരിപ്പൂര്‍ സംരക്ഷണത്തിനുള്ള ഏതു നീക്കത്തെയും കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ പിന്തുണയ്ക്കുമെന്ന് ഉണ്ണി പൂച്ചെടിയില്‍ (നവയുഗം) വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കുക എന്ന വിഷയത്തില്‍ പ്രദേശ വാസികളെ സമ്മര്‍ദ്ദത്തിലാക്കി കരിപ്പൂര്‍ നിലവിലെ അവസ്ഥയില്‍ നിലനിര്‍ത്താനുള്ള സാധ്യത അടയ്ക്കുകയാണ് ചില സ്വാര്‍ഥ താത്പര്യക്കാര്‍ ചെയ്യുന്നതെന്ന് അലി കളത്തിങ്ങല്‍ (മീഡിയ ഫോറം) അഭിപ്രായപ്പെട്ടു.

മുഖ്യമായും സാധാരണക്കാരായ പ്രവാസികള്‍ ഉപയോഗപ്പെടുത്തുന്ന കരിപ്പൂരിന്റെ സംരക്ഷണത്തിനു എല്ലാവരും രംഗത്തിറങ്ങമെന്നു ജമാല്‍ വില്യാപ്പള്ളി (വടകര എന്‍ആര്‍ഐ) ആവശ്യപ്പെട്ടു.

വിജയകുമാര്‍, ആല്‍ബിന്‍ ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് നെറ്റോ സ്വാഗതം പറഞ്ഞു. ഷരീഫ് കൊച്ചി, ടി.കെ. റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ കരിപ്പൂരിന്റെ ചരിത്രം വിവരിക്കുന്ന സ്ളൈഡ് പ്രദര്‍ശനം നടന്നു. ബിജു പൂതക്കുളം നന്ദി പറഞ്ഞു. സയിദ് ഹമദാനി, അനീര്‍ ആലുവ, സിദ്ദീക്ക് ആലുവ, ഹാരിസ് കോഴിക്കോട് തുടങ്ങിയവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം