നഷട്ടപെട്ട സ്വത്ത് കിട്ടുന്നതു പോലെയാണ് തരിച്ചു കിട്ടുന്ന വിദ്യാഭ്യാസം: ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ
Saturday, October 10, 2015 5:43 AM IST
ദുബായി: അറിവാണ് ഒരു നാടിന്റെ വളര്‍ച്ചയുടെ അടിസ്ഥാന ഘടകം, അറിവാണ് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നത്. തിരക്കുപിടിച്ച ആധുനിക കാലഘട്ടത്തിലെ സാഹചര്യത്തില്‍ കൈവിട്ടുപോയ വിദ്യാഭ്യാസം തിരിച്ചു കിട്ടുമ്പോള്‍ കൈമോശം വന്ന സ്വത്ത് തിരിച്ചു കിട്ടിയ സന്തോഷമാണ് ഉണ്ടാകുക. ആ സന്തോഷമുഖമാണ് എനിക്ക് ഇവിടെ കാണാന്‍ കഴിയുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ. ദുബായി കെഎംസിസി നടത്തി വരുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ നാലാം ബാച്ചിലേയ്ക്കുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവലോക ക്രമത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് നവജാകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ വിദ്യാഭ്യാസം കൊണ്ട് മാത്രമേ സാധിക്കൂ. അറിവു തേടിയുള്ള യാത്ര പുണ്യമുള്ളതും പ്രതിഫലമുള്ളതുമാണെന്നാണ് ഇസ്ലാമിക വീക്ഷണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ നാരായണ ഗുരു, മന്നത്ത് പത്മനാഭന്‍, അയ്യങ്കാളി, വക്കം മൌലവി, സീതിസാഹിബ് എന്നീ നവോഥാന നായകരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മെ വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ സഹായകമായിട്ടുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു.

അറിവിന്റെ ചക്രവാളം വിശാലമാണ്, അതിജീവനം നടത്തുന്നവര്‍ക്കു മാത്രമേ അവിടെ നിലനില്‍പ്പുള്ളൂ എന്ന തിരിച്ചറിവാണ് നമുക്കു വേണ്ടത്, ആനുകാലിക സാമൂഹ്യ ദുരവസ്ഥകളില്‍ ഒന്നിച്ചു നിന്ന് പോരാടാനുള്ള തിരിച്ചറിവ് വിദ്യാഭ്യാസം കൊണ്ട് നേടിയെടുക്കാം എന്ന് കേരള പിഎസ്സി മെംബര്‍ ടി.ടി. ഇസ്മായില്‍ അഭിപ്രായപ്പെട്ടു.

മൂന്നാം ബാച്ചിലെ പഠിതാക്കളായ യഹ്യ, സുബൈര്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു സംസാരിച്ചു. യുഎഇ കെഎംസിസി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, ദുബായി കെഎംസിസി സംസ്ഥാന നേതാക്കളായ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍, ഉസ്മാന്‍ തലശേരി, അധ്യാപകരായ ഫൈസല്‍ ഏലങ്കുളത്ത്, നസീര്‍, ഹൈദര്‍ അലി, വി.കെ. റഷീദ് ഹാഷിം, ഷംസുദ്ദീന്‍ തൈയില്‍, അനൂപ് യാസീന്‍ എന്നിവര്‍ സംബന്ധിച്ചു. ദുബായി കെഎംസിസി മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ തുല്യതാ കോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ദുബായി കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും കോഓര്‍ഡിനേറ്റര്‍ ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു. ഷഫീക്ക് ഖിറാഅത്ത് നടത്തി.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍