അഭയാര്‍ഥിപ്രവാഹം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു മെര്‍ക്കലിനു കത്ത്
Friday, October 9, 2015 8:17 AM IST
ബര്‍ലിന്‍: ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം ഇനി ശക്തമായി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു 34 പ്രാദേശിക - സ്റേറ്റ് രാഷ്ട്രീയ നേതാക്കള്‍ ചേര്‍ന്നു ചാന്‍സലര്‍ ആംഗല മെര്‍ക്കലിനു കത്തു നല്‍കി.

അനിയന്ത്രിതമായ അഭയാര്‍ഥിപ്രവാഹം ജര്‍മനിയുടെയും യൂറോപ്പിന്റെയും ഭാവി തന്നെ അപകടത്തിലാക്കുന്നു എന്ന ആശങ്കയാണ് കത്തില്‍ പങ്കുവയ്ക്കുന്നത്. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനു രാജ്യത്തിനൊരു പരിധിയുണ്ട്. അതു പിന്നിട്ടു കഴിഞ്ഞു. ഇതിനകം വന്നെത്തിയ അഭയാര്‍ഥികള്‍ക്കു മതിയായ സൌകര്യങ്ങള്‍ ഒരുക്കാന്‍ നമുക്കു കഴിയുന്നില്ല. പിന്നെങ്ങനെ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ കഴിയുമെന്നും കത്തില്‍ ചോദിക്കുന്നു.

അഭയാര്‍ഥികള്‍ കാരണം ഗ്രീസും തുര്‍ക്കിയും നേരിടുന്ന അമിത സമ്മര്‍ദത്തില്‍ ആ രാജ്യങ്ങള്‍ക്കും സഹായം നല്‍കണം. അഭയാര്‍ഥിത്വ അപേക്ഷകള്‍ നിരസിക്കപ്പെടുന്നവരെ തിരിച്ചയയ്ക്കാനും നാടുകടത്താനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍