ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനൊയുടെ ഓര്‍മപ്പെരുന്നാള്‍
Friday, October 9, 2015 8:16 AM IST
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓര്‍മ പെരുന്നാളും 38-ാമത് വാര്‍ഷികാഘോഷവും ഒക്ടോബര്‍ 16, 17, 18 (വെളളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ഇടവക മെത്രാപ്പോലീത്താ യല്‍ദൊ മാര്‍ തീത്തോസിന്റെ സാന്നിധ്യത്തില്‍ നടത്തുന്നു.

11 നു(ഞായര്‍) വിശുദ്ധ കുര്‍ബാനാനന്തരം വികാരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ കൊടി ഉയര്‍ത്തുന്നതോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമാകും.

16 നു (വെളളി) ഭക്ത സംഘടനകളുടെ വാര്‍ഷികാഘോഷം വിവിധ കലാപരിപാടികളോടെ നടക്കും. ഡാന്‍സ്, സംഗീതം, ലഘുനാടകം തുടങ്ങിയ വിവിധ ഇനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുളള കലാപരിപാടികളുടെ നടത്തിപ്പിനായി ഈവന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ബാബു കുര്യാക്കോസ്, മേഴ്സി അലക്സ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടത്തിവരുന്നു. ക്രിസ്തുവിന്റെ മുന്നോടിയായി അവതരിച്ച ധീര രക്തസാക്ഷിയായ 'സ്നാപക യോഹന്നാന്റെ' ത്യാഗോജ്വലമായ ജീവിത കഥയുടെ നാടക ആവിഷ്കാരം ഈ വര്‍ഷത്തെ ഏറ്റവും മികവാര്‍ന്ന ഒരിനമായിരിക്കും.

17നു(ശനി) വൈകുന്നേരം 6.30 നു സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്നു പ്രഗത്ഭ വാഗ്മിയും വചന പ്രഘോഷകനുമായ ഫാ. പ്രദോഷ് മാത്യു (സെന്റ് ജോര്‍ജ് ചര്‍ച്ച്, ഒക്ലഹോമ) വചന പ്രഭാഷണം നടത്തും.

18നു (ഞായര്‍) രാവിലെ 8.15 നു പ്രഭാത പ്രാര്‍ഥനയെത്തുടര്‍ന്ന് മെത്രാപ്പോലീത്തായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാന അര്‍പ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കുന്ന ഭക്തിനിര്‍ഭരമായ റാസ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കു കൊഴുപ്പേകും. പളളി ഗായകസംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ഗാനങ്ങള്‍ പെരുന്നാളിനു മാറ്റു കൂട്ടും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ (വികാരി), സോണി ജേക്കബ് (വൈസ് പ്രസിഡന്റ്) സെസില്‍ മാത്യു (സെക്രട്ടറി), ബിജു തോമസ് (ട്രസ്റി) എന്നിവരുടെ നേതൃത്വത്തില്‍ പളളി മാനേജിംഗ് കമ്മറ്റി വേണ്ടതായ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നു.

ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് അനില്‍ ഏബ്രഹാം, ബാബു തോമസ്, നൈനാന്‍ വര്‍ഗീസ്, രാജു ഈപ്പന്‍, റെജി സി. എബ്രഹാം എന്നിവരും കുടുംബാംഗങ്ങളുമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുന്ന സ്നേഹവിരുന്നോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കുമെന്ന് കത്തീഡ്രല്‍ പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍