ഒക്ടോബറിലെ ഫ്ളെക്സി നിരക്ക്: 12 ദിവസം ചെലവുകുറഞ്ഞ യാത്ര
Friday, October 9, 2015 6:27 AM IST
ബംഗളൂരു: ബംഗളൂരുവില്‍ നിന്നുള്ള കേരള ആര്‍ടിസി ബസുകളുടെ ഈമാസത്തെ ഫ്ളെക്സി ഷെഡ്യൂള്‍ തയാറായി.

തിരക്കനുസരിച്ചു ടിക്കറ്റ് ചാര്‍ജ് കൂട്ടാനും കുറയ്ക്കാനും അനുവദിക്കുന്നതാണ് ഫ്ളെക്സി പെര്‍മിറ്റ്. ഇതു പ്രകാരം ഈമാസത്തെ തിരക്കേറിയ ഒമ്പതു ദിവസങ്ങളില്‍ 10 ശതമാനം അധികനിരക്കാണ് വോള്‍വോ സര്‍വീസുകള്‍ ഈടാക്കുന്നത്. 12 ദിവസം 15 ശതമാനം കുറഞ്ഞ നിരക്കിലും എട്ടു ദിവസം സാധാരണ നിരക്കിലും സര്‍വീസ് നടത്തും. പൂജ അവധി ഉള്‍പ്പെടെയുള്ള ഒമ്പതു ദിവസങ്ങളിലാണ് നിരക്കുവര്‍ധന. പുതുക്കിയ നിരക്കുകള്‍ കേരള ആര്‍ടിസിയുടെ വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്ളെക്സി പെര്‍മിറ്റിലേക്കു മാറിയ ശേഷം ആദ്യമായാണ് കേരള ആര്‍ടിസി ടിക്കറ്റ് ചാര്‍ജ് കൂട്ടുന്നത്.

ബംഗളൂരു-തിരുവനന്തപുരം(സേലം വഴി) വോള്‍വോ 1408 രൂപയും ബംഗളൂരു-തിരുവനന്തപുരം(കോഴിക്കോട് വഴി) വോള്‍വോ 1265 രൂപയും ബംഗളൂരു- കോട്ടയം (സേലം വഴി) വോള്‍വോ 1188 രൂപയും ബംഗളൂരു-എറണാകുളം (സേലം വഴി) വോള്‍വോ 1111 രൂപയുമാണ് കൂടിയ നിരക്കുകള്‍.

ഇതുകൂടാതെ ബംഗളൂരുവില്‍ നിന്നു കോഴിക്കോട്ടേക്കുള്ള വോള്‍വോ ബസുകളുടെ ടിക്കറ്റ് ചാര്‍ജ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പത്തു ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ബംഗളൂരുവില്‍ നിന്നു കോഴിക്കോട്ടേക്കും ഞായറാഴ്ച തിരികെയുമുള്ള സര്‍വീസിനാണ് ഇതു ബാധകമാകുന്നത്.

നിലവില്‍ സാധാരണ ദിവസങ്ങളില്‍ 631 രൂപ ചാര്‍ജ് ചെയ്യുമ്പോള്‍ വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഇത് 700 രൂപയോളമാകും. അതേസമയം, വെള്ളിയാഴ്ചയടക്കം തിരക്കേറിയ ദിവസങ്ങളില്‍ കോഴിക്കോട്ടേക്കുള്ള കര്‍ണാടക ആര്‍ടിസിയുടെ മള്‍ട്ടി ആക്സില്‍ ബസിന് 870 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. ഇതുവച്ചു നോക്കുമ്പോള്‍ കേരള ആര്‍ടിസി നിരക്ക് 170 രൂപയോളം കുറവാണെന്ന് ആര്‍ടിസി അധികൃതര്‍ പറയുന്നു.