വീട്ടുജോലിക്കാരുടെ കൈവെട്ടിമാറ്റിയ സംഭവം: ഇന്ത്യന്‍ എംബസി അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടു
Friday, October 9, 2015 5:04 AM IST
റിയാദ്: ജോലി ചെയ്തിരുന്ന വീട്ടില്‍നിന്നു വലതു കൈ തോളറ്റം മുതല്‍ വെട്ടിമാറ്റിയ നിലയില്‍ റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തമിഴ്നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ മൂങ്കിലേരി സ്വദേശിനി കസ്തൂരി മുനിരത്നത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരുന്നതായും അവരെ അപായപ്പെടുത്താന്‍ ശ്രമിച്ചവരെ കണ്െടത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സൌദി അധികൃതരെ സമീപിച്ചതായും എംബസി വൃത്തങ്ങള്‍ പറഞ്ഞു. സൌദി വിദേശകാര്യ മന്ത്രാലയത്തില്‍ നേരിട്ടെത്തി രേഖാമൂലമാണ് ഇന്ത്യന്‍ എംബസി ഈ വിഷയത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരാഴ്ച മുന്‍പാണു റിയാദിലെ ഹൈ അല്‍ സഹാഫ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സംഭവം നടന്നത്. ജോലി ചെയ്യുന്ന വീട്ടിലെ പീഢനം സഹിക്ക വയ്യാതെ പൂട്ടിയിട്ട മുറിയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്നില്‍നിന്ന് ഓടി വന്ന ആരോ കൈക്കു വെട്ടുകയായിരുന്നെന്നാണ് അന്‍പത്തഞ്ചുകാരിയായ കസ്തൂരി പോലീസിനു മൊഴി നല്‍കിയത്. റെഡ് ക്രസന്റ് ഉദ്യോഗസ്ഥരാണ് അവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര സര്‍ജറിയിലൂടെ കസ്തൂരി ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു. സഹാഫ പോലീസ് സ്റേഷനിലും ഇന്ത്യന്‍ എംബസി ഒന്നാം സെക്രട്ടറി അനില്‍ നോട്ട്യാലിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യ ക്ഷേമവിഭാഗം ഉദ്യോഗസ്ഥര്‍ കേസിന്റെ നിജസ്ഥിതി അറിയുന്നതിനായി എത്തിയിരുന്നു. ആശുപത്രിയില്‍ കസ്തൂരിയെ സന്ദര്‍ശിച്ച എംബസി ഉദ്യോഗസ്ഥര്‍ അവരില്‍നിന്നു മൊഴിയെടുത്തു. ചികിത്സിക്കുന്ന ഡോക്ടറെയും മറ്റും കണ്ട് കസ്തൂരിയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചതായും പൂര്‍ണമായും അപകടനില തരണംചെയ്തതായും എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കസ്തൂരിയുടെ സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടു വരുമെന്നും കുറ്റവാളികള്‍ ആരായാലും നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ ലഭ്യമാക്കുമെന്നും സൌദി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍