ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ കൈവെട്ടി മാറ്റി
Thursday, October 8, 2015 6:37 AM IST
റിയാദ്: രണ്ടു മാസം മുമ്പ് സൌദി അറേബ്യയിലെത്തിയ തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരിയുടെ കൈ പൂര്‍ണമായും വെട്ടി മാറ്റിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കാട്പാടിക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്നം (55) വലതു കൈ പൂര്‍ണമായും നഷ്ടപ്പെട്ട നിലയിലും കാലിനും ശരീര ഭാഗങ്ങളിലും ഗുരുതരമായ പരിക്കേറ്റ നിലയിലും റിയാദിലെ കിംഗ്ഡം ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ബുധനാഴ്ചയാണു സംഭവം നടന്നതെന്നാണ് ക്സ്തൂരി പറയുന്നത്. രണ്ടു മാസം മുമ്പ് നാട്ടില്‍നിന്നെത്തിയ കസ്തൂരിയെ ആദ്യം കൊണ്ടു പോയത് ദമാമിലുള്ള ഒരു സ്വദേശിയായിരുന്നു. പിന്നീടാണ് റിയാദിലെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഒരു വീട്ടില്‍ കൊണ്ടുവന്നാക്കിയത്. ഇവിടെ കൊടിയ പീഡനവും ജോലിഭാരവും മൂലം കസ്തൂരി ഏറെ കഷ്ടപ്പാടിലായിരുന്നു. പലതവണ കേണപേക്ഷിച്ചിട്ടും നാട്ടിലേക്ക് ഒന്നു ഫോണ്‍ ചെയ്യാന്‍ പോലും അവര്‍ അനുവദിച്ചിരുന്നില്ല. ഒരു ദിവസം വീടിനടുത്തായി പുറത്തു കണ്ട ഒരു തമിഴ്നാട് സ്വദേശിയോടു തന്റെ കഷ്ടപ്പാടുകള്‍ വിവരിക്കുന്നത് കണ്ട സൌദി വനിത പിടിച്ച കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ടു. പിന്നീട് കൊടിയ മര്‍ദ്ദനമായിരുന്നു നിത്യേനയെന്നും ഒരു ദിവസം തന്നെ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയതായും കസ്തൂരി പറയുന്നു. എങ്ങനേയും അവിടെ നിന്നും രക്ഷപെട്ട് അടുത്തുള്ള പോലീസ് സ്റേഷനില്‍ അഭയം പ്രാപിക്കാമെന്നു ചിന്തിച്ച കസ്തൂരി പൂട്ടിയിട്ട റൂമിന്റെ ജനല്‍ വഴി തുണി കൂട്ടികെട്ടി പുറത്തേക്കു ചാടാന്‍ ശ്രമിച്ചു. താഴെ ഇറങ്ങിയ ഉടനെ കത്തിയുമായി ചാടിവീണ ആരോ തന്റെ കൈ വെട്ടിമാറ്റുകയാണുണ്ടായതെന്ന് കസ്തൂരി പറഞ്ഞു. അബോധാവസ്ഥയിലായ അവര്‍ക്കു പിന്നീട് മറ്റൊന്നും ഓര്‍മയുണ്ടായിരുന്നില്ല.

ചോര വാര്‍ന്നൊഴുകുന്ന നിലയില്‍ കസ്തൂരിയെ റെഡ് ക്രസന്റ് ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് അവിടെ ജോലി ചെയ്യുന്ന സ്റാഫ് നഴ്സും ഇടുക്കി സ്വദേശിനിയുമായ ജിസ പറഞ്ഞു. വെട്ടി മാറ്റിയ കൈയും ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നെങ്കിലും തത്കാലം അടിയന്തര സര്‍ജറിയിലൂടെ രക്തം വാര്‍ന്നൊഴുകുന്നതു തടയുക മാത്രമായിരുന്നു ഡോക്ടര്‍മാര്‍ക്ക് മുന്നിലുള്ള മാര്‍ഗമെന്നു ജിസ പറഞ്ഞു. സര്‍ജറിക്ക് ഒരു കാരണവശാലും സമ്മതിക്കില്ലെന്ന് പറഞ്ഞ കസ്തൂരി, ജീവന്‍ രക്ഷിക്കാന്‍ വേറെ മാര്‍ഗമില്ലെന്നു പറഞ്ഞപ്പോഴാണത്രേ സമ്മതം മൂളിയത്. കൈക്കും കാലിനും സര്‍ജറി ചെയ്ത കസ്തൂരി തന്നെ എങ്ങനെയെങ്കിലും നാട്ടിലയയ്ക്കണമെന്ന് പറഞ്ഞ് കരയുകയാണ്.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം തമിഴ്നാട് ഘടകം ഭാരവാഹി റാഷിദ് ഖാന്‍ ആണ് ഇപ്പോള്‍ അവര്‍ക്കുവേണ്ട സഹായങ്ങളുമായി കൂടെയുള്ളത്. ഇദ്ദേഹം അറിയിച്ചതനുസരിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കസ്തൂരിയെ സന്ദര്‍ശിച്ച് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഹൈ അല്‍സഹാഫ പോലീസ് അന്വേഷണമാരംഭിച്ചതായും പിന്നീട്ട് വിശദമായ അന്വേഷണം നടത്തുന്നതിനായി സൌദി ഇന്‍വെസ്റിഗേഷന്‍ ബ്യൂറോയ്ക്ക് കൈമാറിയതായും ഒരു എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാറാരോഗിയായ ഭര്‍ത്താവ് മുനിരത്നവും മൂന്നു പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന്റെയും നിത്യചെലവിനുള്ള വഴികാണുന്നതിനായാണു കസ്തൂരി പ്രായാധിക്യം കണക്കിലെടുക്കാതെ സൌദി അറേബ്യയിലേക്കു പോന്നത്. റാഷിദ് ഖാനോടൊപ്പം കിംഗ്ഡം ആശുപത്രിയിലെ കമാല്‍ എന്ന തമിഴ്നാട് സ്വദേശിയും സിസ്റര്‍ ജിസയും എല്ലാ സഹായങ്ങളുമായി കസ്തൂരിയുടെ കൂടെയുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍