കേളി കുടുംബവേദി ഓണം ഈദ് സംഗമം
Wednesday, October 7, 2015 8:39 AM IST
റിയാദ്: റിയാദ് കേളി കലാ സാംസ്കാരിക വേദിയുടെ കുടുംബ വിഭാഗമായ കേളി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ ഓണം- ഈദ് ആഘോഷം സംഘടിപ്പിച്ചു.

എക്സിറ്റ് 18 നൂര്‍ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമത്തില്‍ ആയിരത്തിലേറെ പേര്‍ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഓണം ഈദ് ആഘോഷങ്ങളുടെ ഭാഗമായി കുടുംബവേദിയിലെ വനിതകളും കുട്ടികളും വിവിധ കലാ കായിക മത്സരങ്ങളും കലാപരിപാടികളും അവതരിപ്പിച്ചു. മാപ്പിളപാട്ടുകള്‍, ഓണപാട്ടുകള്‍, കോല്‍ക്കളി, നൃത്തനൃത്യങ്ങള്‍, മോണോ ആക്ട്, മിമിക്രി, മൈം തുടങ്ങിയ കലാപരിപാടികളും മൈലാഞ്ചിയിടല്‍ മത്സരവും കാണികള്‍ക്ക് ദൃശ്യവിരുന്നേകി. സിന്ധു ഷാജി, സുനിത അശോകന്‍, മാജിദ ഷാജഹാന്‍, റെജി സുരേഷ്, സന്ധ്യ പുഷ്പരാജ്, ഷമീം ഹുസൈന്‍ എന്നിവരാണ് കലാപരിപാടികള്‍ ചിട്ടപ്പെടുത്തിയത്. കായികമത്സരങ്ങള്‍ക്ക് ഷാജഹാന്‍ പാടം നേതൃത്വം നല്‍കി.

തുടര്‍ന്നു നടന്ന സാംസ്കാരിക സമ്മേളനം ഡോ. എലിസബത്ത് ഉദ്ഘാടനം ചെയ്തു. കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം, സെക്രട്ടറി റഷീദ് മേലേതില്‍, രക്ഷാധികാരി സമിതി അംഗം ബിപി രാജീവന്‍, കുടുംബവേദി കോഓര്‍ഡിനേറ്റര്‍ സിന്ധു ഷാജി, ഷക്കീല വഹാബ്, റിയാദ് വില്ലാസ് ഫൈനാന്‍സ് മാനേജര്‍ രാജേഷ്, അഡ്വ. അജിത് എന്നിവര്‍ സംസാരിച്ചു.

കുടുംബവേദി സെക്രട്ടറി അശോകന്‍ സ്വാഗതവും ശാന്തി രാജേഷ് നന്ദിയും പറഞ്ഞു. സിന്ധു ഷാജി, അശോകന്‍, സുരേഷ് ചന്ദ്രന്‍, ബിപി രാജീവന്‍, ഷാജി വെച്ചൂര്‍, രാജേഷ്, വിനോദ്, ഹുസ്സൈന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍