കുര്യന്‍ ജോസഫ് പൂവത്തുങ്കലിനു ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആദരം
Wednesday, October 7, 2015 8:35 AM IST
ഹൂസ്റണ്‍: മനുഷ്യസ്നേഹിയും ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ മാതൃകാ സ്ഥാനീയനുമായ കുര്യന്‍ ജോസഫ് പൂവത്തുങ്കലിനെ സൌത്ത് ഇന്ത്യന്‍ യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് ആദരിച്ചു. ചേംബറിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡോ. ജോര്‍ജ് കാക്കനാട്ട് മെമെന്റോ നല്‍കി കുര്യന്‍ ജോസഫിനു സമ്മാനിച്ചു.

ചടങ്ങില്‍ ബേബി മണക്കുന്നേല്‍ സ്വാഗതം ആശംസിച്ചു. ഡോ. ജോര്‍ജ് കാക്കനാട്ട് അധ്യക്ഷത വഹിച്ചു. സണ്ണി കാരിക്കല്‍ കുര്യന്‍ ജോസഫിനെ സദസിനു പരിചയപ്പെടുത്തി. സിജു അഗസ്റിന്‍ (ടൌണ്‍ ഹോംസ് വില്ലാസ് ആന്‍ഡ് അപ്പാര്‍ട്ട്മെന്റ്സ്), പ്രശസ്ത മാന്ത്രികനായ റവ. ഡോ. സജു മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോര്‍ജ് കോളച്ചേരില്‍ നന്ദി പറഞ്ഞു.

സ്വാതന്ത്യ്രസമരസേനാനിയും ഗാന്ധിയനുമായിരുന്ന പരേതനായ പി.സി. ജോസഫ് പൂവത്തുങ്കലിന്റെയും അന്നമ്മയുടെയും മകനായി 1944 ഡിസംബര്‍ അഞ്ചിനു കടപ്ളാമറ്റത്ത് പൂവത്തുങ്കല്‍ തറവാട്ടില്‍ ജനിച്ചു. അടിസ്ഥാന വിദ്യാഭ്യാസത്തിനു ശേഷം ഓട്ടോമൊബൈല്‍ എന്‍ജനിയറിംഗില്‍ പ്രാവീണ്യം നേടി. ബിസിനസുകാരനും വ്യവസായിയുമായി ജീവിതം ആരംഭിച്ചു. അതോടൊപ്പം സാമൂഹ്യരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമായി. 1989-ല്‍ മൂന്നാര്‍ വട്ടവടയിലുള്ള ആദിവാസികോളനികളില്‍ കോളറയും പട്ടിണിയും ബാധിച്ചവര്‍ക്ക് ഭക്ഷണവും വസ്ത്രവുമെത്തിച്ചു. 1992-ല്‍ പാലാ ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് സാധുക്കളായ രോഗികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കാരുണ്യാ ചാരിറ്റബിള്‍ ട്രസ്റ് ആരംഭിച്ചു. പാലായില്‍ ചിക്കുന്‍ഗുനിയ രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ ഗവണ്‍മെന്റ് ആശുപത്രിയിലെ നിരാലംബരായ 900 രോഗികള്‍ക്ക് ദിവസവും ഭക്ഷണവും മരുന്നും വസ്ത്രങ്ങളും അനുബന്ധ സൌകര്യങ്ങളും നല്‍കി പരിപാലിച്ചു. സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും ഭവനനിര്‍മാണം, പാലിയേറ്റീവ് സഹായം, മെറിറ്റില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടികളുടെ മെഡിക്കല്‍ വിദ്യാഭ്യാസം, എന്‍ജിനിയറിംഗ്, നഴ്സിംഗ് എന്നീ മേഖലകളില്‍ പഠനസഹായം എന്നിവ ചെയ്തുകൊണ്ടിരിക്കുന്നു.

ജനറല്‍ ആശുപത്രി മുഖേന കഴിഞ്ഞ 22 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഭക്ഷണം നല്‍കി. അനാഥരായി മരിച്ച 27 രോഗികളുടെ സംസ്കാരം ഏറ്റെടുത്ത് മനുഷോചിതമായ നിലയില്‍ നടത്തി. എട്ടോഓളം നഴ്സിംഗ് വിദ്യാര്‍ഥികളുടെ പഠനം പൂര്‍ത്തിയാക്കി. ഇവരെ കൂടാതെ ഇപ്പോള്‍ മെഡിസിനും എന്‍ജിനിയറിംഗിനും ബയോമെഡിക്കല്‍ മേഖലകളിലും കുട്ടികള്‍ പഠിച്ചു വരുന്നു. പാലാ ടൌണിലും പരിസരത്തും മൊബൈല്‍ ക്ളിനിക്കുകള്‍ തുറന്നു സൌജന്യമായി ഡൈബറ്റിക്, വൃക്കരോഗ നിര്‍ണയം എന്നിവ സംഘടിപ്പിച്ചു വരുന്നു.

കാരുണ്യാചാരിറ്റബിള്‍ ട്രസ്റിനു വേണ്ടി ളാലം പുത്തന്‍ പള്ളി റോഡില്‍ സ്ഥലം വാങ്ങി 30 ലക്ഷം രൂപ മുടക്കി കാരുണ്യഭവന്‍ പണികഴിപ്പിച്ച് അവിടെ ഭക്ഷണപാചകവും സമൂഹ നന്മയ്ക്കുവേണ്ടിയുള്ള ക്ളാസുകളും മീറ്റിംഗുകളും സംഘടിപ്പിക്കുന്നുണ്ട്. ജീവകാരുണ്യപ്രസ്ഥാനമായ മരിയാസദനത്തില്‍ സംരക്ഷിക്കുന്ന അനാഥരായ കുട്ടികള്‍ക്കുവേണ്ടി ലിസ്യു സദന്‍ ആരംഭിക്കുകയും അവരുടെ പഠനത്തിനും പരിചരണത്തിനും വേണ്ട കാതലായ ധനസഹായം ചെയ്തുകൊണ്ടിരിക്കുന്നു. രോഗിയാണെങ്കിലും 70-ാം വയസിലും ജീവകാരുണ്യ രംഗത്തും സാമൂഹ്യപ്രശ്നങ്ങളിലും പൌരാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

പയപ്പാര്‍ അന്ത്യാളം മൈലാടൂര്‍ മേരിക്കുട്ടിയാണ് ഭാര്യ. ഇവര്‍ക്ക് നാലു മക്കള്‍.