യുവകലാ സാഹിതി ചിത്രപ്രദര്‍ശനം
Wednesday, October 7, 2015 8:26 AM IST
റിയാദ്: യുവകലാസാഹിതി സൌദി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 'സാന്‍ഡ് ആര്‍ട്ട് 2015' എന്ന തലക്കെട്ടില്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. റിയാദ് ബഗ്ളഫിലെ മുസ്തഷാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവാസി കലാകാരന്മാരുടെ ചിത്രപ്രദര്‍ശനം നൂറുകണക്കിനാളുകള്‍ സന്ദര്‍ശിച്ചു.

ജന്മനാടിനോടുള്ള പ്രവാസി ചിത്രകാരന്മാരുടെ അടങ്ങാത്ത അഭിനിവേശമാണു ജീവസുറ്റ വരകളില്‍ പ്രതിഫലിക്കുന്നതെന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത മുന്‍ മന്ത്രി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കണ്ടു മറന്ന ജീവിതകാഴ്ചകളെ ഒരിക്കല്‍ കൂടി മനസു നിറഞ്ഞ് കാണാന്‍ അവസരമൊരുക്കുകയായിരുന്നു ഈ പ്രദര്‍ശനമെന്ന് മുന്‍മന്ത്രി കെ.ഇ. ഇസ്മായില്‍ പറഞ്ഞു.

വി.പി. ഇസ്ഹാഖ്, മക്കളായ ആരിഫ, ജുമാന എന്നിവരും റജീന നിയാസും വരച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. 'എന്റെ ദിനവരകള്‍' എന്ന പേരില്‍ ഫേസ്ബുക്കില്‍ പ്രതിദിനം വരയ്ക്കുന്ന ഇസ്ഹാഖിന്റെ രേഖാചിത്രങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു. ഫോട്ടോയെ വെല്ലുന്ന ജീവന്‍ തുടിക്കുന്ന പെയിന്റിംങ്ങുകളുമായി ആരിഫയും ജുമാനയും പ്രത്യേക ശ്രദ്ധ നേടി. യുവകലാസാഹിതി സെക്രട്ടറി കോശി മാത്യു, നിര്‍വാഹക സമിതി അംഗങ്ങളായ റഫീഖ് തിരുവിഴാംകുന്ന്, സക്കീര്‍ വടക്കുംതല, ജോസഫ് അതിരുങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍