പ്രവാസി സേവന കേന്ദ്ര ഹെല്‍പ്പ്ഡെസ്ക് സഹായം കൈമാറി
Tuesday, October 6, 2015 8:29 AM IST
ജിദ്ദ: ജിദ്ദയിലെ പ്രമുഖ വ്യാപാര ശൃംഖലയിലേക്കു ജോലിക്കെത്തി നിത്യജീവിതത്തിനടക്കം ബുദ്ധിമുട്ടുന്ന 15 ഇന്ത്യക്കാര്‍ക്കു പ്രവാസി സേവന കേന്ദ്ര ഹെല്‍പ്പ്ഡെസ്ക് സഹായം കൈമാറി.

ഒഐസിസി ജിദ്ദ റീജണല്‍ കമ്മിറ്റി എല്ലാ ബുധനാഴ്ചയും നടത്തി വരാറുള്ള പ്രവാസി സേവന കേന്ദ്ര ഹെല്‍പ്പ് ഡെസ്കില്‍ പരാതിയുമായി എത്തിച്ചേര്‍ന്ന ഷംസുദ്ദീന്‍, അക്രം, ഹനീഫ് ഖാന്‍, മുനീബുദ്ദീന്‍, സമിയുള്ളഖാന്‍, അബ്ദുള്‍ അസീസ്, ഹനീഫ എന്നിവരടങ്ങുന്ന ഇന്ത്യക്കാരുടെ വിഷമങ്ങള്‍ മനസിലാക്കി ചാരിറ്റി വിംഗ് കണ്‍വീനര്‍ അഷ്റഫ് ദോസ്ത്ത് ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടുത്തിയാണ് കണ്‍വീനര്‍ അലി തേക്ക്തോടിന്റെ നേതൃത്വത്തില്‍ സഹായം കൈമാറിയത്.

കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍നിന്ന് പതിനാല് മാസം മുമ്പ് ഇന്റര്‍വ്യു നടത്തി പുതിയ വീസയില്‍ എത്തിയതായിരുന്നു ഇവര്‍. ആദ്യത്തെ ആറു മാസം ശമ്പളം കൊടുത്തെങ്കിലും പിന്നീട് ശമ്പളം കിട്ടാതെയും മറ്റുള്ള സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടില്‍ പോവാനടക്കം ബുദ്ധിമുട്ടുന്ന അവസരത്തിലാണ് ഹെല്‍പ്പ് ഡെസ്കുമായി ഇവര്‍ ബന്ധപ്പെട്ടത്. പരാതികള്‍ സ്വീകരിച്ച് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുവേണ്ട കാര്യങ്ങള്‍ ചെയ്തു കൊടുക്കാമെന്ന് ഭാരവാഹികള്‍ അവര്‍ക്ക് ഉറപ്പുകൊടുത്തു.

ചടങ്ങില്‍ ഒഐസിസിയുടെ വിവിധ നേതാക്കളും ഹെല്‍പ്പ് ഡെസ്ക് ഭാരവാഹികളുമായ കെ.ടി.എ. മുനീര്‍, ഷറഫുദ്ദീന്‍ കായംകുളം, സക്കീര്‍ ഹുസൈന്‍ എടവണ്ണ, ജോഷി വര്‍ഗീസ്, നൌഷാദ് അടൂര്‍, ശ്രീജിത് കണ്ണൂര്‍, മുജീബ് തൃത്താല, സാദിക്ക് കായംകുളം, കുഞ്ഞിമുഹമ്മദ് കൊടശേരി, മുജീബ് മൂത്തേടത്, ഇസ്മായില്‍ കൂരിപ്പോയില്‍, അസ്ഹാബ് വര്‍ക്കല, ശ്രുതസേനന്‍ കളരിക്കല്‍, ഷിബു കൂരി, സക്കീര്‍ ചെമ്മണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍