അര്‍എസ്സി കുവൈത്ത് നാഷണല്‍ സാഹിത്യോത്സവ് ബ്രോഷര്‍ പ്രകാശനം ചെയ്തു
Tuesday, October 6, 2015 7:27 AM IST
കുവൈത്ത്: പ്രവാസിയുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സര്‍ഗസിദ്ധിയെ പരിപോഷിപ്പിക്കുന്നതിനും അപഹരിക്കപ്പെടുന്ന കലാമൂല്യങ്ങളെ തിരിച്ചു പിടിക്കുന്നതിനും വേണ്ടി റിസാല സ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) നടത്തിവരുന്ന സാഹിത്യോത്സവുകള്‍ക്ക് അരങ്ങുണര്‍ന്നു. 

ഇതിന്റെ ഭാഗമായി നാഷണല്‍ സാഹിത്യോത്സവ് ബ്രോഷര്‍ ലുലു ഗ്രൂപ്പു റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുള്‍ ഹക്കീം ദാരിമിക്കു നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ അബുള്ള വടകര, റഫീഖ് കൊച്ചനൂര്‍, അബൂബക്കര്‍ സിദ്ദിഖ് കൂട്ടായി, റാഷിദ് ചെറുശോല എന്നിവര്‍ സംബന്ധിച്ചു.

ഇസ്ലാമിക സര്‍ഗാസ്വാദനത്തിന്റെ തനത് വിരുന്നൊരുക്കി മലയാളത്തിന്റെ ധാര്‍മികയുവത്വം സര്‍ഗവൈഭവത്തിന്റെ മാറ്റുനോക്കുന്ന സാഹിത്യോത്സവില്‍ പ്രൈമറി, ജൂണിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 49 ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും. ഒക്ടോബര്‍ ആദ്യവാരം മുതല്‍ യൂണിറ്റു തല മല്‍സരങ്ങള്‍ക്കു തുടക്കമാവും. ശേഷം സോണ്‍ തല മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി ദേശീയ മല്‍സരം നവംബര്‍ 13നു (വെള്ളി) അബാസിയ പാക്കിസ്ഥാന്‍ ഇംഗ്ളീഷ് സ്കൂളില്‍ നടക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍