മയൂര്‍ വിഹാറില്‍ ചക്കുളത്തമ്മ പൊങ്കാല നവംബര്‍ ഒന്നിന്
Monday, October 5, 2015 7:56 AM IST
ന്യൂഡല്‍ഹി: ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് (ശനി, ഞായര്‍) തീയതികളില്‍ മയൂര്‍ വിഹാര്‍ ഫേസ് 3ലെ അ1 പാര്‍ക്കില്‍ നടക്കും.

ശനി രാവിലെ 5.30നു ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. വൈകുന്നേരം 6.30നു മഹാദീപാരാധന, 6.45 മുതല്‍ രമേഷ് ഇളമണ്‍ നമ്പൂതിരി നടത്തുന്ന ആത്മീയ പ്രഭാഷണം, തുടര്‍ന്നു ശനിദോഷ നിവാരണ പൂജ, ലഘുഭക്ഷണം എന്നിവയാണ് ആദ്യ ദിവസത്തെ പരിപാടികള്‍.

രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ എട്ടിനു നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്നു ഒമ്പതിനു പൊങ്കാല. അ1 പാര്‍ക്കില്‍ നിര്‍മിക്കുന്ന താത്കാലിക ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍നിന്നു കൊളുത്തുന്ന ദിവ്യാഗ്നി ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദര്‍ശി ബ്രഹ്മശ്രീ രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര അടുപ്പിലേക്കു പകരും. 9.30 മുതല്‍ മൂകാംബിക കീര്‍ത്തന സംഘം ഭക്തിഗാനങ്ങള്‍ ആലപിക്കും. മുടപ്പല്ലൂര്‍ ജയകൃഷ്ണനും സംഘവും വാദ്യമേളങ്ങളൊരുക്കും.

തുടര്‍ന്നു വിദ്യാകലശം, മഹാകലശാഭിഷേകം, പ്രസന്ന പൂജ, ഉച്ചയ്ക്ക് ചക്കുളത്തമ്മയുടെ പ്രധാന പ്രസാദമായ അന്നദാനം എന്നിവ നടക്കും.

നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്, ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം അ1 പാര്‍ക്കിലേക്ക് അതതു സ്ഥലങ്ങളിലെ ഏരിയ കോ-ഓര്‍ഡിനേറ്റര്‍മാര്‍ യാത്രാ സൌകര്യം ഒരുക്കും. അവരില്‍നിന്നും പൊങ്കാല കൂപ്പണുകള്‍ വാങ്ങുന്നതിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. ചക്കുളത്ത് കാവില്‍നിന്നു പ്രത്യേകം എത്തിച്ചേരുന്ന നമ്പൂതിരിമാരുടെ നേതൃത്വത്തിലാണു പൂജാദികര്‍മങ്ങള്‍ നടത്തുന്നത്.

ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തില്‍ പങ്കെടുക്കുവാനായി ഡല്‍ഹിയില്‍ നിന്നും പ്രാന്ത പ്രദേശങ്ങളില്‍ നിന്നുമായി നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേരുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 9717494980, 9810214182, 9899760291.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി