തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് 'മഹോത്സവം 2015' സംഘടിപ്പിച്ചു
Monday, October 5, 2015 7:53 AM IST
കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ടിനു വൈകുന്നേരം അഞ്ചു മുതല്‍ അബാസിയ സെന്‍ട്രല്‍ ഇന്ത്യന്‍ സ്കൂളില്‍ 'മഹോത്സവം 2015' സംഘടിപ്പിച്ചു.

സാംസ്കാരിക ഘോഷയാത്രക്കുശേഷം നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യന്‍ എംബസി പ്രതിനിധി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുരളി പുതൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫര്‍വാനിയ ഗവര്‍ണര്‍ പ്രതിനിധി ഷെയ്ക്ക് മുബാറക് സബ അല്‍ സബ, ഫര്‍വാനിയ മേഖല ചീഫ് പോലീസ് ഓഫീസര്‍ കേണല്‍ റഷീദ് അല്‍ഹാജരി, ജലീബ് ഷുയെക്ക് പോലീസ് ചീഫ് കേണല്‍ ഇബ്രാഹിം അബ്ദുള്‍ റസാക്ക് അല്‍ ദൈയ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ചടങ്ങില്‍ മേള വിദ്വാന്‍ പെരുവനം കുട്ടന്‍ മാരാരെ ആദരിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ അഷറഫ് കുന്നംകുളം സ്വാഗതവും ജനറല്‍ സെക്രട്ടറി ഷിജു പൌലോസ് റിപ്പോര്‍ട്ട് അവതരണവും ട്രഷറര്‍ സ്റീഫന്‍ ദേവസി, വനിത വേദി കോഓര്‍ഡിനേറ്റര്‍ ആനി ഈനാശു, കളിക്കളം കണ്‍വീനര്‍ അലീന ജോയല്‍ പരിപാടിയുടെ മുഖ്യ പ്രായോജകരായ നാസര്‍ അല്‍ഹാജരി എന്‍ജിനിയറിംഗ് പ്രതിനിധി ഹരി കുമാര്‍, അല്‍ മുല്ല എക്സ്ചേഞ്ച് പ്രതിനിധി സൈമണ്‍ ജോണ്‍, മെട്രോ മെഡിക്കല്‍ കെയര്‍ പ്രതിനിധി ഹംസ പയ്യന്നൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയ അസോസിയേഷന്‍ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ സമ്മാനിച്ചു. തൃശൂര്‍ അസോസിയേഷന്‍ കുവൈത്ത് ഈ വര്‍ഷം പ്രഖാപിച്ച കുടുംബ ജ്യോതി പദ്ധതിയിലൂടെ അര്‍ഹത നേടിയവര്‍ക്കു ചെക്കുകള്‍ കൈമാറി.

സാംസ്കാരിക സമ്മേളനത്തിനുശേഷം മേള വിദ്വാന്‍ പദ്മശ്രീ കുട്ടന്‍ മാരാര്‍ അവതരിപ്പിച്ച തായമ്പക കാണികള്‍ ആവേശപൂര്‍വം എതിരേറ്റു. അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ക്കുശേഷം പ്രശസ്ത സിനിമാനടന്‍ കലാഭവന്‍ മണിയും സംഘവും അവതരിപ്പിച്ച 'മണിക്കിലുക്കം' വന്‍ ജനസാഗരത്തെ ഹരം കൊള്ളിച്ചു. ആര്‍ട്സ് കണ്‍വീനര്‍ ജെറി ആന്റണി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍