തെരുവില്‍ അലഞ്ഞ മലയാളിക്കു കേളി തുണയായി
Monday, October 5, 2015 4:20 AM IST
റിയാദ്: ബത്തയിലെ തെരുവില്‍ അലഞ്ഞുനടന്ന മലയാളിക്കു കേളി ജീവകാരുണ്യപ്രവര്‍ത്തകര്‍ തുണയായി. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഭക്ഷണം കഴിക്കാതെയും വസ്ത്രം മാറാതെയും അവശനായി ബത്തയിലെ തെരുവില്‍ അലഞ്ഞുനടന്ന കൊല്ലം പരവൂര്‍ സ്വദേശി അബ്ദുള്‍ റഷീദിനെയാണ് കേളി ബത്ത ഏരിയ ജീവകാരുണ്യപ്രവര്‍ത്തകര്‍ ഭക്ഷണവും വസ്ത്രവും നല്‍കി വിമാന ടിക്കറ്റെടുത്ത് നാട്ടിലേക്ക് പോകാന്‍ സഹായിച്ചത്.

ഏഴുമാസങ്ങള്‍ക്ക് മുന്‍പ് തായിഫിലെ ഒരു മസ്രയില്‍ ജോലിക്കെത്തിയതാണ് അബ്ദുള്‍ റഷീദ്. മാസങ്ങളായി ശമ്പളം ലഭിക്കാതെ വളരെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്ന അബ്ദുള്‍ റഷീദിന് സ്പോണ്‍സര്‍ എക്സിറ്റ് അടിച്ചു നല്‍കുകയായിരുന്നു. നാട്ടില്‍ പോകാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ അബ്ദുള്‍ റഷീദ് റിയാദില്‍ എത്തുകയായിരുന്നു. പരിചയക്കാര്‍ ആരും ഇല്ലാതെയും, സാമ്പത്തിക ബുദ്ധിമുട്ടും കാരണം നാട്ടിലേക്ക് പോകാന്‍ കഴിയാതെ മനോവിഷമത്താല്‍ ബത്തയിലെ ജമാല്‍ കോംപ്ളക്്സ് പരിസരത്ത് തെരുവില്‍ അലയുകയായിരുന്ന അബ്ദുള്‍ റഷീദിനെ കേളി ബത്ത ബി യുണിറ്റ് അംഗം ഷാഫി കേളി ബത്ത ഏരിയ ജീവകാരുണ്യവിഭാഗവുമായി ബന്ധപ്പെടുത്തുകയായിരുന്നു. കേളി ബത്ത ഏരിയ ജീവകാരുണ്യ പ്രവര്‍ത്തകരുടെ ശ്രമഫലമായി, ഭക്ഷണവും വസ്ത്രവും നല്‍കി വിമാന ടിക്കറ്റ് എടുത്ത് അബ്ദുള്‍റഷീദിനെ നാട്ടിലേക്ക് കയറ്റിവിട്ടു. ജീവിതത്തിലെ എല്ലാ ആശയും അസ്തമിച്ച് നിരാശ്രയനായി കഴിഞ്ഞ അവസ്ഥയില്‍ തനിക്ക് എല്ലാ സഹായവും നല്‍കി വിമാന ടിക്കറ്റും എടുത്ത് നാട്ടില്‍ പോകാന്‍ സഹായിച്ച കേളി ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് നിറകണ്ണുകളോടെ നന്ദി പറഞ്ഞ് അബ്ദുള്‍ റഷീദ് വെള്ളിയാഴ്ച്ചത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചുപോയി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍