എന്‍എസ്എസ് കുവൈറ്റ് തിരുവോണപ്പുലരി 2015 ആയിരങ്ങള്‍ സാക്ഷിയായി
Monday, October 5, 2015 4:18 AM IST
കുവൈറ്റ്: ഒക്ടോബര്‍ രണ്ടിനു എന്‍എസ്എസ് കുവൈറ്റ് സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ ആഘോഷിച്ചു. കേരളത്തില്‍ നിന്നും വിദൂരത്താണെങ്കിലും ഓണത്തിന്റെ പ്രൌഢിയും ഗാംഭീര്യവും എന്‍എസ്എസ് കുവൈറ്റ് സംഘടിപ്പിച്ച 'തിരുവോണപ്പുലരി 2015' ല്‍ നിറഞ്ഞുനിന്നിരുന്നു. ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജയിന്‍ മുഖ്യാതിഥിയായിരുന്നു.

രാവിലെ 10.30-നു താലപ്പൊലി, ചെണ്ടമേളം, പുലികളി എന്നിവയുടെ അകമ്പടിയോടുകൂടി മഹാബലിയെ എതിരേല്‍ക്കുകയും ഉത്ഘാടന ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. ഈശ്വരപ്രാര്‍ ത്ഥനയ്ക്കും ആചാര്യാനുസ്മരണത്തിനും ശേഷം ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജയിന്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നടത്തിയ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി വിജയകുമാര്‍. എസ് അദ്ദേഹത്തിന്റെ സ്വാഗതപ്രസംഗത്തില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയും എല്ലാവരേയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. എന്‍എസ്എസ് കുവൈറ്റ് പ്രസിഡന്റ് ബൈജു പിള്ള അധ്യക്ഷത വഹിക്കുകയും ഓണാശംസകള്‍ നേരുകയും ചെയ്തു.

വനിതാ കണ്‍വീനര്‍ ദീപാ പിള്ള എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയും, ചാരിറ്റി കോര്‍ഡിനേറ്റര്‍ സജിത്ത് സി. നായര്‍ വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ട്രഷറര്‍ ഗുണപ്രസാദ് നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്നു വിവിധ കലാ സാംസ്കാരിക പരിപാടികള്‍ ആരംഭിച്ചു. കേരളത്തിന്റെ തനതായ കലാരൂപങ്ങളായ പടയണി, തായമ്പക, തിരുവാതിര, വള്ളപ്പാട്ട് എന്നിവയും, ഉപാസന ഡാന്‍സ് സ്കൂള്‍ അവതരിപ്പിച്ച നൃത്ത ശില്പം 'നവദുര്‍ഗയും' ശ്രദ്ധേയമായി.

കുവൈറ്റിലെ നൃത്ത വിദ്യാലയങ്ങളുടെയും, നൃത്താധ്യാപകരുടേയും നേതൃത്വത്തില്‍ കുട്ടികളുടേയും മുതിര്‍ന്നവര്‍ടേയും വിവിധ നൃത്ത വിരുന്നുകളും, അനുഗ്രഹീത ഗായകരുടെ സംഗീത വിരുന്നും കാണികള്‍ക്കു ഏറെ ഹൃദ്യമായി. വള്ളിവട്ടത്ത് നാരായണന്‍ നമ്പൂതിരി നേതൃത്വം വഹിച്ച സ്വാദിഷ്ടമായ ഓണസദ്യ ആഘോഷത്തിന്റെ ഭാഗമായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍