ഫാ. ആന്റണി തുണ്ടത്തിലിന്റെ ജൂബിലി കൊളംബസില്‍ ആഘോഷിച്ചു
Monday, October 5, 2015 4:15 AM IST
ഒഹായോ: അമേരിക്കന്‍ മലയാളികള്‍ക്കു ഏറെ സുപരിചിതനും ഷിക്കാഗോ കത്തീഡ്രല്‍ വികാരിയും, സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളുമായിരുന്ന ഫാ. ആന്റണി തുണ്ടത്തിലിന്റെ പൌരോഹിത്യ രജതജൂബിലി കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ കൊണ്ടാടി. ആഘോഷമായ ദിവ്യബലിക്കു ഫാ. ആന്റണി തുണ്ടത്തില്‍ നേതൃത്വം നല്‍കുകയും, ഫാ. ദേവസ്യ കാനാട്ട് ജൂബിലി സന്ദേശം നല്‍കുകയും, ഫാ. ബോബി ഷെപ്പേര്‍ഡ്, ഫാ. വിന്‍സെന്റ് പാനികുളം തുടങ്ങിയവര്‍ സഹകാര്‍മികരുമായിരുന്നു. സോണി ജോസഫ് നേതൃത്വം നല്‍കുന്ന കൊളംബസ് നസ്രാണി വോയ്സ് ഗാനശുശ്രൂഷകള്‍ നയിച്ചു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ മിഷന്‍ ഡയറക്ടര്‍ ഫാ. ജോ പാച്ചേരിയില്‍ സിഎംഐ അദ്ധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥനകൊണ്ടും കഠിനാധ്വാനം കൊണ്ടും സഭാജീവിതത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമയാണ് ഫാ. തുണ്ടത്തിലെന്നു ഫാ. ജോ പാച്ചേരിയില്‍ ഊന്നിപ്പറഞ്ഞു.

തദവസരത്തില്‍ അദ്ദേഹത്തിന്റെ 25 വര്‍ഷത്തെ പിന്നിട്ട കാല്‍പാടുകളിലേക്കുള്ള എത്തിനോട്ടമായി 'ഇടയന്‍' എന്ന ഹ്രസ്വചിത്രീകരണം നടത്തുകയുണ്ടായി.

ആശംസകള്‍ നേര്‍ന്നു സംസാരിച്ച കിരണ്‍ എലുവങ്കല്‍, ഫാ. തുണ്ടത്തില്‍ ഈ കാലഘട്ടത്തില്‍ അജപാലകന്മാര്‍ക്ക് മാര്‍ഗദര്‍ശിയാണെന്നു പറയുകയുണ്ടായി. പത്തുവര്‍ഷം ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയായി അദ്ദേഹം ചെയ്ത സംഭാവനകള്‍ ജനഹൃദയങ്ങളില്‍ ഇന്നും ആദരിക്കപ്പെടുന്നുവെന്ന് ഓര്‍മ്മിപ്പിച്ചു.

ഫാ. ആന്റണി തുണ്ടത്തിലിന്റെ സംഭാവനകളില്‍ എടുത്തുപറയേണ്ടതാണ് അദ്ദേഹം പണികഴിപ്പിച്ച ഷിക്കാഗോ കത്തീഡ്രലും, റൂഹലയ മേജര്‍ സെമിനാരിയുമെന്ന് ജ്യേഷ്ഠ സഹോദരന്‍ പോള്‍ തുണ്ടത്തില്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഏഴു സഹോദരങ്ങള്‍ ചേര്‍ന്ന് ഫാ. തുണ്ടത്തിലിനെ പൊന്നാട അണിയിച്ചു. ട്രസ്റിമാരായ റോയി ജോണ്‍ സ്വാഗതവും, ജില്‍സണ്‍ ജോസ് റിപ്പോര്‍ട്ടും, ജനറല്‍ കണ്‍വീനര്‍ ബെന്നി പള്ളിത്താനം കൊളംബസിന്റെ ഉപഹാരവും സമര്‍പ്പിച്ചു. തുടര്‍ന്ന് കലാപരിപാടികളും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ഗ്രീന സ്കറിയ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. പി.ആര്‍.ഒ കിരണ്‍ എലുവങ്കല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം