ഷിക്കാഗോ മലയാളി അസോസിയേഷന്‍ ദയാബായിയെ ആദരിക്കുന്നു
Saturday, October 3, 2015 8:41 AM IST
ഷിക്കാഗോ: ഇന്ത്യയിലെ പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയായ ദയാബായിയെ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ആദരിക്കുന്നു. ഒക്ടോബര്‍ 17നു (ശനി) വൈകുന്നേരം ആറിന് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയ പാരീഷ് ഹാളിലാണ് ചടങ്ങു നടക്കുക.

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വിവിധ മത മേലധ്യക്ഷന്മാരും സാംസ്കാരിക-സാമൂഹിക-സംഘടനാ നേതാക്കളും പ്രസംഗിക്കും. ജോണിക്കുട്ടി പിള്ളവീട്ടിലാണ് പരിപാടിയുടെ കോര്‍ഡിനേറ്റര്‍.

നര്‍മദാ ബചാവോ, ചൊങ്കാറ സമരം തുടങ്ങിയ സാമൂഹിക മുന്നേറ്റങ്ങളുടെ മുന്നണി പയാളി ആയിരുന്നു ദയാബായി. ദയാബായിയുടെ സ്തുത്യര്‍ഹമായ സാമൂഹിക സേവനത്തിനു അവരെ തേടിയെത്തിയ പുരസ്കാരങ്ങള്‍ നിരവധിയാണ്.

2007-ല്‍ വനിത വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, വിജില്‍ ഇന്ത്യയുടെ നാഷണല്‍ ഹ്യൂമന്‍ റൈറ്റ് അവാര്‍ഡ്, ജനനീ ജാഗ്രതീ അവാര്‍ഡ്, സുരേന്ദ്ര നാഥ് ട്രസ്റ് അവാര്‍ഡ്, ധര്‍മഭാരതി ദേശീയ പുരസ്കാര്‍, സ്പിരിറ്റ് ഓഫ് അസീസി നാഷണല്‍ അവാര്‍ഡ്, ഗുഡ് സമരിറ്റന്‍ നാഷണല്‍ അവാര്‍ഡ് എന്നിങ്ങനെ ദയാബായിക്ക് ലഭിച്ച പുരസ്കാരങ്ങള്‍ നിരവധിയാണ്.

ന്യൂയോര്‍ക്കിലെ ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബ് (ഐഎപിസി) നല്‍കുന്ന 'സദ്കര്‍മ്മ അവാര്‍ഡ്' സ്വീകരിക്കാനാണ് അമേരിക്കയിലെത്തുന്നത്.

സ്വന്തം ജീവിതം മുഴുവനും പൊതുനന്മയ്ക്കായി മാറ്റിവച്ച ദയാബായിയെ കാണുന്നതിനും ആദരിക്കുന്നതിനും അവരുടെ സന്ദേശം ശ്രവിക്കുന്നതിനുമുള്ള ഈ അസുലഭ അവസരം പരമാവധി വിനിയോഗിക്കണമെന്ന് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ബിജി സി. മാണി, ജെസി റിന്‍സി, ജോസ് സൈമണ്‍ മുണ്ടപ്ളാക്കല്‍, മോഹന്‍ സെബാസ്റ്യന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം