ഡോ. തോമസ് കൈലാത്തിന് മീനയുടെ എന്‍ജിനീയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം
Saturday, October 3, 2015 3:09 AM IST
ഷിക്കാഗോ: മലയാളികളുടെ ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നും ദേശീയ അവാര്‍ഡ് നേടിയ ഡോ. തോമസ് കൈലാത്തിനെ മലയാളി എന്‍ജിനീയേഴ്സ് അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ (മീന) ഒക്ടോബര്‍ 24-നു ശനിയാഴ്ച വൈകിട്ട് 5.30-നു നടക്കുന്ന വാര്‍ഷിക വിരുന്നില്‍ എന്‍ജിനീയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നല്‍കി ആദരിക്കും. ശാസ്ത്ര സാങ്കേതികവിദ്യയില്‍ ഒരു വ്യക്തിക്ക് അമേരിക്കന്‍ ഗവണ്‍മെന്റ് നല്‍കുന്ന ഈ ഉന്നത ബഹുമതി കേരളത്തിലെ ചിറ്റൂര്‍ കുടുംബത്തില്‍ ജനിച്ച ഡോ. കൈലാത്തിന് ലഭിച്ചു എന്നുള്ളത് എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. പൂനെ സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയശേഷം മസാച്ചുസെറ്റ്സിലെ ലോക പ്രശസ്ത എന്‍ജിനീയറിംഗ് സര്‍വ്വകലാശാലയായ എംഐടിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. വെറും രണ്ടു വര്‍ഷംകൊണ്ട് 1961-ല്‍ ഡോക്ടറേറ്റും നേടി. ഇവിടെ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ പൌരനാണ് ഇദ്ദേഹം.

ശാസ്ത്ര സാങ്കേതിക മേഖലയില്‍ നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ളതില്‍ 'ലീനിയര്‍ സാങ്കേതികവിദ്യ' എന്ന വിഷയഗ്രഹണത്തില്‍ ഇന്ന് ലോകത്തില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഗ്രന്ഥം ആണ് ഇതില്‍ പ്രധാനപ്പെട്ടത്. സങ്കീര്‍ണ്ണ ശാസ്ത്ര സത്യത്തെ വെളിച്ചത്തുകൊണ്ടുവരുന്ന മൂന്നൂറിലധികം പ്രസിദ്ധീകരണങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. തനിക്ക് മാത്രം നിര്‍മ്മാണ അവകാശമുള്ള അനേകം കണ്ടുപിടുത്തങ്ങള്‍ ഡോ. കൈലാത്തിന്റെ കൈമുതലായിട്ടുണ്ട്. ഇതിനോടകം നൂറിലധികം ഗവേഷണ വിദ്യാര്‍ത്ഥികളുടെ ഉപദേഷ്ടാവായിക്കഴിഞ്ഞു. വിമെക്സ് സാങ്കേതികവിദ്യയുടെ പിതാവും, 4ജി വിദ്യയുടെ ഉപജ്ഞാതാവുമായ പ്രൊഫസ്സര്‍ ആരോഗ്യസ്വാമി പോള്‍ രാജ്, ഡോ. കൈലാത്തിന്റെ ശിഷ്യന്മാരില്‍ ഒരാളാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഒട്ടനവധി സംഘടനകളുടെ ഉപദേഷ്ടാവാണ് ഇദ്ദേഹം. ഒരു ഇന്ത്യന്‍ പൌരന് ലഭിക്കുന്ന മൂന്നാമത്തെ ഉന്നത പദവിയായ പത്മഭൂഷണ്‍ നല്‍കി ഇന്ത്യാ ഗവണ്‍മെന്റ് ഡോ. കൈലാത്തിനെ 2009-ല്‍ ആദരിച്ചിട്ടുണ്ട്.

ഈ വിരുന്നില്‍ മുഖ്യാതിഥിയായി എത്തുന്നത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഗ്രേസ് ലേയ്ക്ക് ഭരണപ്രദേശത്തിന്റെ മേധാവി ഡോ. ആന്‍ കാലായില്‍ ആണ്. ഇല്ലിനോയി സംസ്ഥാനം ഉള്‍പ്പെടുന്ന ആറു സംസ്ഥാനങ്ങളുടെ ചുമതല ഏല്‍ക്കുന്ന ആദ്യത്തെ വനിതയാണ് ഡോ. കാലായില്‍. ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഎസ്എ, ആയിരത്തിലധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതോടൊപ്പം ചെറുകിട ബിസിനസുകാരെ എല്ലാവിധത്തിലും സഹായിക്കുകയും ചെയ്യുന്നു. യുണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ വിവരസാങ്കേതിക വിഭാഗത്തിന്റെ മേധാവിയായി 18 വര്‍ഷത്തെ വിശിഷ്ട സേവനത്തിനുശേഷമാണ് ഇപ്പോള്‍ ഡോ. കാലായില്‍ ഈ ചുമതല വഹിക്കുന്നത്.

മലയാളി സമൂഹത്തില്‍ നിന്നും അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത് ഉന്നത പദവി വഹിക്കുന്ന ഡോ. കൈലാത്തിനേയും, ഡോ. കാലായിലിനേയും നേരിട്ടു കാണുവാനും പരിചയപ്പെടാനുമുള്ള അസുലഭ അവസരം മീന ഒരുക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്ത് സ്വപ്നസമാനമായ ഈ നേട്ടം കൈവരിച്ച അനുഭവങ്ങള്‍ ഡോ. കൈലാത്ത് പങ്കുവെയ്ക്കുന്നതോടൊപ്പം ചോദ്യോത്തരവേളയും ക്രമീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ മീന ഭാരവാഹികളെ നേരത്തെ അറിയിച്ചാല്‍ ഡോ. കൈലാത്ത് ഈ വിരുന്നില്‍ മറുപടി പറയുന്നതാണ്. വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുള്ള ഈ വിരുന്നിലേക്ക് എല്ലാ എന്‍ജിനീയര്‍മാരേയും കുടുംബസമേതം ഭാരവാഹികള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം ജോസഫ് (പ്രസിഡന്റ്) 847 302 1350), സാബു തോമസ് (പിആര്‍ഒ) 630 890 5045. സെക്രട്ടറി ഫിലിപ്പ് മാത്യു ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം