മതേതര ഇന്ത്യയുടെ വക്താക്കളാകണം പ്രവാസി ഇന്ത്യന്‍ സമൂഹം: കൊടുക്കുന്നില്‍ സുരേഷ് എം.പി
Saturday, October 3, 2015 3:08 AM IST
ഷിക്കാഗോ: മുന്‍ കേന്ദ്രമന്ത്രിയും മാവേലിക്കര എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ് ഷിക്കാഗോയിലെ ഐഎന്‍ഒസി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഓഗസ്റ് 26-നു ശനിയാഴ്ച ഷിക്കാഗോയിലെത്തിയ എം.പിയെ ഐഎന്‍ഒസി ഷിക്കാഗോ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ്, നാഷണല്‍ ജനറല്‍ സെക്രട്ടിറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ഷിക്കാഗോ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി സിനു പാലയ്ക്കത്തടം, യൂത്ത് കോര്‍ഡിനേറ്റര്‍ സുഭാഷ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ചരിത്രപ്രസിദ്ധമായ ഷിക്കാഗോയിലെ മിഷിഗണ്‍ അവന്യൂ സന്ദര്‍ശിച്ച് 1893-ല്‍ സ്വാമി വിവേകാനന്ദന്റെ പാദസ്പര്‍ശമേറ്റ ഫുള്ളര്‍ടോണ്‍ ഹാള്‍ അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് ബാര്‍ലറ്റിലുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍ ഭാരവാഹികള്‍ മുന്‍ കേന്ദ്രമന്ത്രിയെ ആദരവോടെ സ്വീകരിക്കുകയും ക്ഷേത്രത്തിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ശനിയാഴ്ച വൈകുന്നേരം നൈല്‍സിലുള്ള രുചി റസ്റോറന്റില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി അനുഭാവികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മതേതര ഇന്ത്യയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. സമ്മേളനത്തില്‍ ഐഎന്‍ഒസി ഷിക്കാഗോ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ് അധ്യക്ഷതവഹിച്ചു. ഐഎന്‍ഒസി കേരളാ ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.

ഐഎന്‍ഒസി ചിക്കാഗോ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി സിനു പാലയ്ക്കത്തടം, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ലൂയി ഷിക്കാഗോ, ആര്‍വിപി ജോണി വടക്കുംചേരി,യൂത്ത് കോര്‍ഡിനേറ്റര്‍ സുഭാഷ് ജോര്‍ജ്, സ്കറിയാക്കുട്ടി തോമസ്, ജോസ് കാവിലവീട്ടില്‍, ചാക്കോച്ചന്‍ കടവില്‍, ടോമി വടക്കുംചേരി, അബ്രഹാം ജോസഫ്, ജോസ് തോമസ്, മനു നൈനാന്‍, നിക്കി നങ്ങച്ചിവീട്ടില്‍, ജോണ്‍ ചെറിയാന്‍, ഷിബു വര്‍ഗീസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം