കോതമംഗലം ബാവായുടെ ശ്രാദ്ധപ്പെരുന്നാളും ഇടവകയുടെ ധനശേഖരണോദ്ഘാടനവും
Saturday, October 3, 2015 3:07 AM IST
ന്യൂജേഴ്സി: മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ന്യൂജേഴ്സി വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ മഹാപരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ (കോതമംഗലം ബാവാ) 330-മതു ശ്രാദ്ധപ്പെരുന്നാളും, ഇടവകയുടെ ധനശേഖരണോദ്ഘാടനവും ഒക്ടോബര്‍ നാലാം തീയതി ഞായറാഴ്ച ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

മലങ്കര സഭ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന പതിനേഴാം നൂറ്റാണ്ടില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന അനുസരിച്ചാണു മോര്‍ ബസേലിയോസ് യല്‍ദോ മഫ്രിയാന (കാതോലിക്ക) മലങ്കരയിലേക്ക് എഴുന്നെള്ളി വന്നത്. കാടും മേടും കാല്‍നടയായി സഞ്ചരിച്ചാണു പരിശുദ്ധ ബാവായും സംഘവും കോതമംഗലത്ത് എത്തിച്ചേര്‍ന്നത്. കൂടെ യാത്ര ചെയ്ത പലരും മരണത്തിന് കീഴടങ്ങിയെങ്കിലും വിശുദ്ധന്‍ തന്റെ യാത്ര തുടര്‍ന്നു. തന്നോടൊപ്പമുണ്ടായിരുന്ന വന്ദ്യ ഹിദായത്തുള്ള റമ്പാനെ മോര്‍ ഗ്രിഗോറിയോസ് എന്ന സ്ഥാനം നല്‍കി മെത്രാപ്പോലീത്തയായി വാഴിച്ചു. കോതമംഗലത്ത് എത്തി രണ്ടാഴ്ചയ്ക്കകം പരിശുദ്ധന്‍ കത്തൃസന്നിധിയിലേക്ക് യാത്രയായി.

മോര്‍ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതിചെയ്യുന്ന കോതമംഗലം മാര്‍ത്തോമാ ചെറിയപള്ളി അന്നുമുതല്‍ യാക്കോബായ സുറിയാനി സഭയുടേയും, നാനാജാതി മതസ്ഥരുടേയും തീര്‍ത്ഥാടന കേന്ദ്രമായി മാറി. കോതമംഗലം ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനു നാടിന്റെ നാനാ ഭാഗത്തുനിന്നും തീര്‍ത്ഥാടകര്‍ കാല്‍നടയായി എത്തി അനുഗ്രഹം പ്രാപിച്ചുവരുന്നു. ബാവയെ പള്ളിയിലേക്ക് വഴികാണിച്ച നായര്‍ യുവാവിന്റെ പിന്‍തലമുറക്കാരാണ് ഇപ്പോഴും ചെറിയ പള്ളി പ്രദക്ഷിണത്തിനു മുന്നില്‍ കോല്‍വിളക്ക് പിടിച്ചു നടക്കുന്നത്.

വാണാക്യൂ ഇടവകയില്‍ പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ എല്ലാവര്‍ഷവും ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചുവരുന്നു. ഇത്തവണത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് പൌലോസ് കെ. പൈലി, സിമി ജോസഫ്, മെല്‍വിന്‍ തോമസ്, യല്‍ദോ വര്‍ഗീസ്, പോള്‍ കുര്യാക്കോസ് എന്നിവരും അവരുടെ കുടുംബാംഗങ്ങളുമാണ്. പെരുന്നാള്‍ ദിവസം രാവിലെ ഒമ്പതിനു യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയെ പള്ളിയിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതും തുടര്‍ന്ന് പ്രഭാത നമസ്കാരം നടത്തപ്പെടുന്നതുമാണ്. 9.45-നു അഭി. തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും, പതിനൊന്നിനു പ്രദക്ഷിണവും, 11.15-നു ആശീര്‍വാദവും നടത്തപ്പെടും. സെന്റ് ജയിംസ് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെ ഉദ്ഘാടനവും, ദേവാലയത്തിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ചിംഗും ഇടവക മെത്രാപ്പോലീത്ത നിര്‍വഹിക്കും.

വിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാളിനും അതോടനുബന്ധിച്ച് നടക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും വികാരി ഫാ. ആകാശ് പോള്‍, വൈസ് പ്രസിഡന്റ് പൌലോസ് കെ. പൈലി, സെക്രട്ടറി കുര്യന്‍ സ്കറിയ, ട്രസ്റി ജേക്കബ് വര്‍ഗീസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, റാഫിള്‍ ടിക്കറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി ജോസഫ്, വെബ്സൈറ്റ് കോര്‍ഡിനേറ്റര്‍ എല്‍ദോ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം