ഫിലാഡല്‍ഫിയ മേയര്‍സ്ഥാനാര്‍ഥി ജിം കെനിക്ക് മലയാളിസമൂഹത്തിന്റെ ആദരം
Friday, October 2, 2015 8:22 AM IST
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ മേയര്‍ സ്ഥാനത്തേക്കുമത്സരിക്കുന്ന ജിം കെനിക്കു മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ഫില്‍മൌണ്ട് കണ്‍ട്രി ക്ളബില്‍ സെപ്റ്റംബര്‍ 19നു ഫണ്ട് റൈസ് ഡിന്നര്‍ നടത്തി.

ഇന്ത്യന്‍ സമൂഹവുമായിട്ടുളള ഊഷ്മളമായ ബന്ധത്തിനു താത്പര്യം കാണിക്കുന്ന വ്യക്തിയാണ് ജിം കെനി. പുതിയ തലമുറയില്‍പെട്ടവര്‍ അമേരിക്കന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുവാനും അതിനായി കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസികളായ മലയാളിസമൂഹം നമ്മുടെ പൈതൃകങ്ങള്‍ കാത്തു സൂക്ഷിക്കുകയും വരും തലമുറയിലേക്കു പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ അമേരിക്കന്‍ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത വളരേയേറെയാണ്. സാമൂഹികമായി ധാരാളം പ്രശ്നങ്ങളും ആവശ്യങ്ങളും മലയാളി സമൂഹം നേരിട്ടുകൊണ്ടിരിക്കുകയും മൂന്നോട്ടു പോകുന്തോറും കൂടുതല്‍ നേരിടുകയും ചെയ്യേണ്ടിവരും ഇതു മനസിലാക്കി വോട്ടുകള്‍ രജിസ്റര്‍ ചെയ്യുകയും രേഖപ്പെടുത്തുകയും വേണം. ഇതര കമ്യൂണിറ്റികളുമായി താരതമ്യപ്പെടുമ്പോള്‍ വിദ്യാഭ്യാസത്തിലും ആളോഹരി വരുമാനത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളി സമൂഹം അമേരിക്കന്‍ പൌരാവകാശം നേടിക്കഴിഞ്ഞാലും അമേരിക്കന്‍ രാഷ്ട്രീയത്തിനെ ഭയത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിലാഡല്‍ഫിയായുടെ ഭരണക്രമത്തില്‍ നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം ജിം കെനി കേട്ടു. ജീമോന്‍ ജോര്‍ജ്, മാത്യു തരകന്‍, ഡോ. മാത്യു ചെറിയാന്‍, മണിലാല്‍ മത്തായി, അറ്റോര്‍ണി ജോസ് കുന്നേല്‍, സുധ കര്‍ത്താ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ നേതൃത്വത്തിലാണു ഫണ്ട് റൈസ് ഡിന്നര്‍ നടത്തിയത്.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്