മൊയ്ദീന്‍ മാസ്റര്‍ക്ക് ഒഐസിസി സ്വീകരണം നല്‍കി
Friday, October 2, 2015 4:59 AM IST
ജിദ്ദ: കോഴിക്കോട് ജില്ലാ ഡിസിസി ജനറല്‍ സെക്രട്ടറി പി. മൊയ്ദീന്‍ മാസ്റര്‍ക്ക് ഒഐസിസി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. ഷറഫിയ ഒഐസിസി ഓഫീസില്‍ ചേര്‍ന്ന സ്വീകരണ യോഗത്തനു പ്രസിഡന്റ് നജീബ് മുല്ലവീട്ടില്‍ അധ്യക്ഷത വഹിച്ചു. വിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ മൊയ്ദീന്‍ മാസ്റര്‍ വോളണ്ടിയറായി സേവനം ചെയ്തവരെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് പ്രകാരമാണു ജില്ലാ കമ്മറ്റി സ്വീകരണം നല്‍കിയത്. ഹജ്ജ് കര്‍മ്മത്തിന് ഒഐസിസി പ്രവര്‍ത്തകരും ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറവും മറ്റു ഇതര സംഘടനാ പ്രവര്‍ത്തകരും ചെയ്ത സേവനം വളരെ മഹത്തായതാണെന്ന് അദ്ദേഹം പറഞ്ഞു. വളണ്ടിയര്‍മാരുടെ സേവനം നേരില്‍ കണ്ടും അവര്‍ ചെയ്തു തന്ന സഹായങ്ങളും സ്നേഹവും എക്കാലത്തും ഓര്‍മയില്‍ ഉണ്ടാവും എന്നും പറഞ്ഞ അദ്ദേഹം സേവനം ചെയ്തവര്‍ക്കെല്ലാം നന്ദി പറയാനും മടിച്ചില്ല. ഒഐസിസി തുടക്കമിട്ട സ്നേഹസദനം പദ്ധതിയും പ്രവാസി സേവന കേന്ദ്ര ഹെല്‍പ്പ് ഡെസ്ക്കും കോണ്‍ഗ്രസിനു അഭിമാനിക്കാവുന്നതില്‍ മഹത്തായ കാര്യമാണെന്നും, ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടി എല്ലാ ഡിസിസിയിലേയും നേതാക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷം കെപിസിസി പ്രസിഡന്റുമായി നേരിട്ട് കണ്ടു വിവരങ്ങള്‍ അറിയിക്കും എന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിനിധിയും ഗ്ളോബല്‍ കമ്മറ്റി മെമ്പറും കൂടിയായ റഷീദ് കൊളത്തറ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ജിദ്ദ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീര്‍, ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസ്സൈന്‍ എടവണ്ണ, വൈസ് പ്രസിഡന്റ് ശറഫുദ്ദീന്‍ കായംകുളം എന്നിവര്‍ സംസാരിക്കുകയും വിവിധ നേതാക്കളായ അലി തെക്ക്തോട്, നൌഷാദ് അടൂര്‍, അയ്യൂബ് പത്തനംതിട്ട, നാസര്‍ കല്ലായി, മുജീബ് തൃത്താല, സഹീര്‍ മാഞ്ഞാലി, കുഞ്ഞിമുഹമ്മദ് കൊടശേരി എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. ചടങ്ങിന് അസീസ് ബാലുശ്ശേരി സ്വാഗതവും അനില്‍ ബാബു നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍