അമേരിക്കന്‍ മലയാളി യുവാവിനെതിരായ കേസ് ഒക്ടോബര്‍ 30ലേക്കു മാറ്റി
Thursday, October 1, 2015 8:05 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ പസായിക് കൌണ്ടി കോര്‍ട്ടില്‍ ഒക്ടോബര്‍ രണ്ടിനു ഉച്ചകഴിഞ്ഞ് 1.30-നു നടത്താനിരുന്ന കേസ് ഒക്ടോബര്‍ 30-ലേക്ക് മാറ്റിവച്ചതായി ജയിലിലില്‍ കഴിയുന്ന മലയാളി യുവാവിന്റെ അറ്റോര്‍ണി മൈക്കിള്‍ കാറക്ട അറിയിച്ചു.

പ്രസ്തുത കേസില്‍ മലയാളി യുവാവിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൌണ്‍സില്‍, കീന്‍, മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി, ശാന്തിഗ്രാം ആയുര്‍വേദ ഗ്രൂപ്പ്, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി, നാമം തുടങ്ങി പല സംഘടനകളുടേയും നേതാക്കള്‍ അന്നേദിവസം എത്താമെന്നു സമ്മതിച്ചിരുന്നു. ഇപ്പോഴത്തെ ലിസ്റ് അനുസരിച്ച് 45 പേര്‍ കോടതിയില്‍ വരാന്‍ തയാറായിരുന്നു.

എന്തുകൊണ്ടാണ് അവസാന നിമിഷത്തില്‍ നാടകീയമായ രീതിയില്‍ കേസ് മാറ്റിവച്ചത് എന്ന ചോദ്യത്തിനു മറുപടി ലഭിച്ചത് പ്രോസിക്യൂട്ടറുടെ അമ്മയ്ക്ക് അടിന്തര ശസ്ത്രക്രിയ നടക്കുന്നതിനാല്‍ കേസ് മാറ്റിവയ്ക്കാന്‍ ജഡ്ജിക്ക് ഡിസ്ട്രിക്ട് അറ്റോര്‍ണി കത്തെഴുതിയിരുന്നുവെന്നും അതിന്റെ വെളിച്ചത്തിലാണ് ജഡ്ജി ഒക്ടോബര്‍ 30-ലേക്ക് കേസ് മാറ്റിവച്ചതെന്നുമാണു നമ്മുടെ ഭാഗത്തെ അറ്റോര്‍ണി അറിയിച്ചത്.

ഒരുവര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും എടുക്കാത്ത ഈ കേസ് ഡിസ്മിസ് ചെയ്യിക്കാന്‍ നടപടി എടുപ്പിക്കണമെന്നുള്ളതാണ് ഇപ്പോള്‍ മിക്കവരും പറയുന്നത്. ഈ സാഹചര്യത്തില്‍ ഇനിയും കേസ് തീര്‍ക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ യുണൈറ്റഡ് സ്റേറ്റ്സ് ജസ്റീസ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം അറിയിക്കണമെന്നാണ് കമ്യൂണിറ്റിയിലെ വിവിധ നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മലയാളി യുവാവിനു സഹായഹസ്തവുമായി കോടതിയില്‍ പോകാന്‍ സന്നദ്ധരായി മുന്നോട്ടുവന്ന എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും ജസ്റീസ് ഫോര്‍ ഓള്‍ (ജെഎഫ്എ) എന്ന സംഘടനയുടെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നേരത്തെ അറിയിച്ചിരുന്നതിനാല്‍ നിരവധി പേര്‍ അന്നേദിവസം അവധി എടുത്ത് കാത്തിരിക്കുകയായിരുന്നു. പ്രത്യേകിച്ച് ന്യൂയോര്‍ക്കിലെ യോങ്കേഴ്സില്‍ നിന്നുള്ളവര്‍ വലിയൊരു വാന്‍ തന്നെ ബുക്കു ചെയ്തിരുന്നു.

ജയിലില്‍ കഴിയുന്ന ഈ മലയാളി യുവാവിനു സഹായഹസ്തവുമായി മുന്നോട്ടുവരാന്‍ സന്മനസുകാണിച്ച എല്ലാ മനുഷ്യസ്നേഹികള്‍ക്കും ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍. തുടര്‍ന്നും ഈ കൂട്ടായ്മയുണ്ടാകാന്‍ ഇടയാകട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

ഈ വാര്‍ത്ത ഒരു അറിയിപ്പായി കണക്കാക്കി വാര്‍ത്ത കാണാത്തവരെ കൂടി അറിയിക്കണമെന്ന് താത്പര്യപ്പെടുന്നു.

തോമസ് കൂവള്ളൂര്‍ (ജെഎഫ്എ ചെയര്‍മാന്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം