ഇര്‍വിംഗ് ഗ്രാഫാംസ് കമ്യൂണിറ്റി ഓണാഘോഷം നടത്തി
Thursday, October 1, 2015 7:59 AM IST
ഡാളസ്: ഡാളസിലെ ഇര്‍വിംഗ് സിറ്റിയിലെ ഗ്രാഫാംസ് കമ്യൂണിറ്റിയുടെ ഒമ്പതാമത് ഓണാഘോഷം ശ്രദ്ധേയമായി. 150ല്‍ പരം മലയാളി കുടുംബങ്ങള്‍ ഉള്‍പ്പെട്ട കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ഓണാഘോഷം പ്രവാസി മലയാളികളുടെ ചരിത്രത്തില്‍ത്തന്നെ വേറിട്ട കാഴ്ചയാണ്.

ഇര്‍വിംഗിലുളള ചിന്മയ മിഷന്‍ ചിത്രക്കൂട്ട് ഹാളില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ കേരള ഹിന്ദു സൊസൈറ്റിയുടെ നോര്‍ത്ത് ടെക്സസ് പ്രസിഡന്റ് ഗോപാലപിളള ഓണസന്ദേശം നല്‍കി. ഭരതനാട്യം, സെമി ക്ളാസിക്കല്‍ നൃത്തം, സമൂഹ ഗാനം, ഓണപാട്ട്, വളളംകളി, തിരുവാതിര, താലപ്പൊലിയുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മാവേലിയുടെ എഴുന്നള്ളത്ത് എന്നിവയും വിഭവസമൃദ്ധമായ ഓണസദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു. വിവിധ കായിക മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടന്നു.

കമ്യൂണിറ്റി കണ്‍വീനര്‍ ജേക്കബ് മാത്യു, ട്രസ്റി സുശാന്ത് മാത്യു എന്നിവരടങ്ങിയ കമ്മിറ്റിയാണു ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: ഷാജി രാമപുരം