യുഎന്‍ യോഗത്തില്‍ മലയാളി; അരുണ്‍ ജോര്‍ജിന് ഇത് സ്വപ്നസമാന നേട്ടം
Thursday, October 1, 2015 7:55 AM IST
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടുസംരംഭമായി മാറിയ അതിജീവന വികസന പദ്ധതി യോഗത്തില്‍ പങ്കെടുത്ത അരുണ്‍ ജോര്‍ജ് എന്ന മലയാളി സ്വന്തമാക്കിയതു സ്വപ്നസമാനമായ നേട്ടം.

യുഎന്‍ ആസ്ഥാനത്തെത്തി ബാന്‍ കി മൂണ്‍ പങ്കെടുത്ത പരിപാടിയില്‍ സംബന്ധിച്ച ഈ തിരുവനന്തപുരംകാരന്‍ സ്റാര്‍ട്ടപ്പ് ബിസിനസുകളില്‍നിന്നു നേടിയ ഊര്‍ജം ഇന്ത്യന്‍ വികസനകുതിപ്പിനു പുതിയ അവസരമൊരുക്കുന്നു.

പരിപാടിയില്‍ ഇന്ത്യയില്‍നിന്നു നൊബേല്‍ സമ്മാനജേതാവ് കൈലാസ് സത്യാര്‍ഥി അടക്കം പത്തു പേര്‍ക്കാണു ക്ഷണം ലഭിച്ചത്. ഇന്ത്യയില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ സംരംഭ സംഘാംഗമായ അരുണ്‍, അവാന്ത് ഗാര്‍ദ് ഇന്നവേഷന്‍ എന്ന സ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയാണ്.

നേരത്തെ ഐക്യരാഷ്ട്ര സഭയുടെ വ്യവസായ വികസന വിഭാഗം മികച്ച സംരംഭ ആശയങ്ങള്‍ക്കായി ഇന്ത്യയില്‍ മത്സരം നടത്തിയിരുന്നു. ഇതില്‍ 20 ആശയങ്ങളിലൊന്നായി അവാന്ത് ഗാര്‍ദ് ഇന്നവേഷന്‍ അവതരിപ്പിച്ച ഊര്‍ജവികസനത്തെ തെരഞ്ഞെടുത്തിരുന്നു. കാറ്റില്‍നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന ചെറിയ ടര്‍ബൈന്‍ പരിസ്ഥിതിക്കു യോജിക്കപ്പെട്ട രീതിയില്‍ വികസിപ്പിക്കുന്ന ആശയമായിരുന്നു അരുണിന്റേത്.

അരുണിന്റെ ശ്രമഫലമായി ലോകത്തിലെ ഏറ്റവും വലുതും കാലിഫോര്‍ണിയയിലെ സിലിക്കണ്‍വാലിയില്‍നിന്നുമുള്ള ആക്സിലറേറ്റര്‍ കമ്പനി 'ക്ളീന്‍ടെക്ക് ഓപ്പണ്‍' ഇന്ത്യന്‍ സ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കാന്‍ എത്താമെന്നു സമ്മതിക്കുകയും അതിന്റെ തുടക്കം കേരളത്തില്‍നിന്നാവാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച കത്ത് കഴിഞ്ഞയാഴ്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു കൈമാറി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്ളീന്‍ടെക് ഓപ്പണുമായി നിലവില്‍ ഗൂഗിള്‍, ഇന്റല്‍ തുടങ്ങിയ വമ്പന്‍ കമ്പനികളൊക്കെയും സഹകരിക്കുന്നുണ്ട്. വിവിധ സ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുവേണ്ടി മാത്രം ക്ളീന്‍ടെക് ഇതുവരെ 7000 കോടി രൂപ മുടക്കി കഴിഞ്ഞു. പരിസ്ഥിതി സൌഹൃദവും ശുദ്ധവുമായ സാങ്കേതികവിദ്യകളെയാണ് കമ്പനി പ്രോത്സാഹിപ്പിക്കുന്നത്. അരുണിന്റെ കമ്പനിയുടെ പ്രവര്‍ത്തനവും ഇതേ പാതയില്‍ തന്നെയാണ്. ഇതാണ് അരുണിനു യുഎന്‍ ആസ്ഥാനത്തു നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചത്.

അടുത്ത 15 വര്‍ഷത്തേക്കു ലോകത്തിന്റെ വികസനത്തിന് ആവശ്യമുള്ള പരിസ്ഥിത സൌഹൃദ വികസന പദ്ധതികളെക്കുറിച്ചാണ് ഇവിടെ ചര്‍ച്ചകള്‍ നടക്കുന്നത്. 300 പേര്‍ക്ക് മാത്രമാണു യോഗത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗ്, ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ലോകബാങ്കിന്റെയും എഡിബിയുടെയും മുതിര്‍ന്ന തലവന്മാരും യോഗത്തില്‍ സംബന്ധിച്ചിരുന്നു. യോഗത്തില്‍ സൌത്ത് ഏഷ്യന്‍ വിഭാഗത്തില്‍നിന്ന് അരുണ്‍ നല്‍കിയ ആശയത്തിനായിരുന്നു മുന്‍ഗണന.

കോവളം മുന്‍ എംഎല്‍എ ജോര്‍ജ് മേഴ്സിയറിന്റെയും തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറായ പ്രസന്നകുമാരിയുടെയും മകനാണ് അരുണ്‍ ജോര്‍ജ്. ഓസ്ട്രേലിയയിലെ ജയിംസ് കുക്ക് സര്‍വകലാശാലയില്‍ നിന്നും എംബിഎയും ഡിസ്പ്യൂട്ട് റെസല്യൂഷന്‍ ആന്‍ഡ് കോണ്‍ഫ്ളിക്ട് മാനേജ്മെന്റില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയ അരുണ്‍ ജോര്‍ജ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ സ്ഥാനങ്ങള്‍ വഹിക്കുന്നു.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കുവേണ്ടിയുള്ള ഡിസി വൈദ്യുതോര്‍ജ പ്രമോഷനുവേണ്ടിയുള്ള ഓപ്പണ്‍ ഇന്‍ഡസ്ട്രി അലയന്‍സ് പ്രൊമോട്ടിംഗ് ഏജന്‍സിയായ ഇമേര്‍ജ് അലയന്‍സിന്റെ സൌത്ത് ഏഷ്യന്‍ റീജണ്‍ ചെയര്‍മാനാണ്. യുഎസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ഡാര്‍ക്ക് സ്കൈ അസോസിയേഷന്‍ എന്ന സംഘടനയുടെ ഇന്ത്യന്‍ ചാപ്റ്റര്‍ പ്രസിഡന്റു കൂടിയാണ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൌഹാര്‍ദ്ദ ഗ്രൂപ്പാണു ഡാര്‍ക്ക് സ്കൈ അസോസിയേഷന്‍. നഗരങ്ങളിലെ പ്രകാശമലിനീകരണം തടയുന്നതിന്റെ പ്രവര്‍ത്തനങ്ങളാണ് കമ്പനിയുടെ പ്രധാന ഉദ്ദേശലക്ഷ്യം. ഇതിനു പുറമേ, സാമൂഹിക വ്യവസായകസംരംഭമായ ടൈ കേരള ചാച്റ്ററിന്റെ കണ്‍വീനര്‍ കൂടിയാണ് അരുണ്‍.

2012-ല്‍ കേരളത്തില്‍ നടന്ന വ്യവസായ സംരംഭ സമ്മേളനമായ എമര്‍ജിംഗ് കേരളയില്‍ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരെയും മേയര്‍മാരെയും ക്ഷണിക്കാനായി കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അരുണ്‍ ജോര്‍ജിനെയാണു ചുമതലപ്പെടുത്തിയത്. 2015-ല്‍ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സമിതി ഇന്ത്യയില്‍നിന്നു കണ്െടത്തിയ ഏറ്റവും മികച്ച 20 പുത്തന്‍ ആശയങ്ങളിലൊന്നായിരുന്നു ചെറുകിട വൈദ്യുതോത്പാദനവും പരിപാലനവും. ഇതിന്റെ ചീഫ് പ്രൊഡക്ട് ആര്‍ക്കിടെക്ടായി മാറിയത് അരുണിന്റെ സഹോദരന്‍ അനൂപ് ജോര്‍ജായിരുന്നു.

യുഎസില്‍ വിവിധ വ്യവസായ വികസന ചര്‍ച്ചകളില്‍ അരുണ്‍ പങ്കെടുക്കുന്നുണ്ട്. യുഎന്‍ മുന്നോട്ടു വയ്ക്കുന്ന പരിസ്ഥിതി സൌഹാര്‍ദ്ദ ഊര്‍ജവികസനത്തിലെ കരടുനയങ്ങളിലൂന്നിയുള്ള ആശയം വികസിപ്പിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ അരുണ്‍. ഇത്തരത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏക കമ്പനി കൂടിയാണ് അരുണിന്റേത്. അമേരിക്കയിലെ മലയാളികള്‍ക്കും ഇതില്‍ പങ്കാളികളാകാമെന്ന് അരുണ്‍ ജോര്‍ജ് പറഞ്ഞു.

വിവരങ്ങള്‍ക്ക്: മൃൌി.ശെഹ്ലൃ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍