യുവത കാലത്തിന്റെ വെളിച്ചമാവുക; യൂത്ത് ഇന്ത്യ കാമ്പയിന്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 30 വരെ
Thursday, October 1, 2015 5:11 AM IST
കുവൈറ്റ് സിറ്റി: യുവാക്കളുടെ ധാര്‍മികവും സാമൂഹികവുമായ ബോധവല്‍ക്കരണം ലക്ഷ്യംവച്ച് യൂത്ത് ഇന്ത്യ നടത്തുന്ന കാമ്പയിന്‍ 'യുവത കാലത്തിന്റെ വെളിച്ചമാവുക' ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. യുവാക്കളുടെ ഉത്തരവാദിത്തങ്ങള്‍ ബോധവത്കരിക്കുന്ന ലഘുലേഖ പ്രചാരണം, നിത്യജീവിതത്തിലെ പ്രാര്‍ത്ഥനകള്‍ ഒരുമിച്ച് കോര്‍ത്തെടുത്ത് സമൂഹത്തിനു സമര്‍പ്പിക്കുന്ന 'ഹൃദയ വസന്തം പ്രാര്‍ത്ഥനാ കൈ പുസ്തകം', യുവാക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരുമിച്ചിരിക്കാനും വിനോദവും അറിവും പങ്കുവെയ്ക്കാനുമായി കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂത്ത് പിക്നിക്ക്, വിവിധ സന്ദേശങ്ങളും മഹത്വവചനങ്ങളും സമൂഹ മനസിനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ആക്ടിവിസം, വ്യത്യസ്തമായ വിഷയങ്ങളില്‍ കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതന്മാരുടെ വാട്സ്ആപ് പ്രഭാഷണങ്ങള്‍, ഫാഹീല്‍ അബ്ബാസിയ എന്നിങ്ങനെ രണ്ടു മേഖലയിലായി നടക്കുന്ന മേഖല സമ്മേളനങ്ങള്‍, വിപുലമായ യുവജന പങ്കാളിത്തത്തോടെയും പ്രമുഖ പ്രാസംഗികര്‍ പങ്കെടുക്കുന്ന സമാപന സമ്മേളനം, 'സാമൂഹിക പുനര്‍നിര്‍മിതിയില്‍ യുവാക്കളുടെ പങ്ക് ' എന്ന തലക്കെട്ടില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 20 വരെ നീണ്ടു നില്‍ക്കുന്ന വാട്സ് ആപ് പ്രസംഗ മത്സരം തുടങ്ങി വിവിധ പരിപാടികളിലൂടെ യുവാക്കളെ ധാര്‍മ്മിക ബോധമുള്ളവരാകാനും സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടേണ്ടതിന്റെ പ്രാധാന്യം ബോധവത്കരിക്കാനുമാണു കാമ്പയിന്‍ ലക്ഷ്യമിടുന്നത്. കാമ്പയിനിലൂടെ പതിനായിരം പേരെ നേരില്‍ കാണാനും, ഒറ്റപ്പെട്ട് കഴിയുന്നവരെ പ്രത്യേകം ചെന്ന് കാണാനും ഉദ്ദേശിക്കുന്നുണ്ട്. കാമ്പയിനിന്റെ സമാപനത്തോടനുബന്ധിച്ച് വിപുലമായ യുവജന സമ്മേളനം നടക്കും. പ്രവാസി യൌെവനത്തെ സാമൂഹിക പ്രതിബന്ധതയോടെ കര്‍മ്മോത്സുകരാക്കി മാറ്റാന്‍ ഉതകും വിധം വ്യത്യസ്ത പരിപാടികളാണ് കാമ്പയിന്‍ കാലയളവില്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് യൂത്ത് ഇന്ത്യ ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍