സാജന്‍ കുര്യന് പിന്തുണയുമായി സൌത്ത് ഫ്ളോറിഡ മലയാളി സംഘടനകള്‍
Thursday, October 1, 2015 5:08 AM IST
സൌത്ത് ഫ്ളോറിഡ: 2016-ലെ പൊതു തെരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ ഫ്ളോറിഡ സ്റേറ്റ് റെപ്രസെന്റേറ്റീവ് (ബ്രോവാര്‍ഡ് കൌണ്ടി- ഡിസ്ട്രിക്ട് 92) സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സാജന്‍ കുര്യനു പിന്തുണയുമായി സൌത്ത് ഫ്ളോറിഡയിലെ മലയാളി സംഘടനകള്‍. ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഫ്ളോറിഡ ചാപ്റ്റര്‍ സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാമിലാണു സാജന്‍ കുര്യനു പിന്തുണയും വിജയാശംസകളുമായി സംഘടനകളെത്തിയത്.

ബ്രോവാര്‍ഡ് കൌണ്ടിയിലെ ഡിയര്‍ഫീല്‍ഡ് ബീച്ച്, പോംബാനോ, നോര്‍ത്ത് ലോഡര്‍ഡേല്‍, ഓക്ലാന്റ് പാര്‍ക്ക്, വിറ്റല്‍മാനേഴ്സ്, ടാമറാക്, ലോഡര്‍ഡേല്‍ ലേക്സ്, മാര്‍ഗേറ്റ് എന്നീ സിറ്റികള്‍ ഉള്‍പ്പെട്ടതാണ് ഡിസ്ട്രിക്ട് 92. അമേരിക്കയിലാദ്യമായാണ് ഒരു മലയാളി സ്റേറ്റ് റെപ്രസന്റേറ്റീവ് പദവിയിലേക്കു മത്സരരംഗത്തെത്തുന്നത്.

ഭവനരഹിതര്‍ക്കു വീട്, സ്ത്രീകള്‍ക്കു മികച്ച വിദ്യാഭ്യാസത്തിന് അവസരങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു കൂടുതല്‍ ചികിത്സാസഹായം, മിനിമം വേജസ് ഉയര്‍ത്തുക എന്നിവയായിരിക്കും തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രഥമ പരിഗണന നല്‍കുകയെന്നു സാജന്‍ കുര്യന്‍ പറഞ്ഞു. സൌത്ത് ഫ്ളോറിഡയിലെ മലയാളി സമൂഹം നല്‍കുന്ന എല്ലാ പിന്തുണയ്ക്കും സഹായങ്ങള്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ചടങ്ങില്‍ പ്രസ് ക്ളബ് പ്രസിഡന്റ് സുനില്‍ തൈമറ്റം അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോയി പൈങ്ങോലില്‍, ഇന്ത്യ പ്രസ് ക്ളബ് നാഷണല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ഫൊക്കാനാ ട്രസ്റി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, ഐ.എന്‍.ഒ.സി നാഷണല്‍ വൈസ് പ്രസിഡന്റ് മാമ്മന്‍ സി. ജേക്കബ്, കേരള സമാജം പ്രസിഡന്റ് സജി സക്കറിയാസ്, നവകേരള പ്രസിഡന്റ് എബി ആനന്ദ്, കൈരളി ആര്‍ട്സ് ക്ളബ് പ്രസിഡന്റ് രാജന്‍ പടവത്തില്‍, മയാമി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വര്‍ക്കി ഔസേഫ്, ഐ.എന്‍.ഒ.സി ചാപ്റ്റര്‍ പ്രസിഡന്റ് ജോയി കുറ്റ്യാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസ് ക്ളബ് സെക്രട്ടറി ബിനു ചിലമ്പത്ത് സ്വാഗതം പറഞ്ഞു. സാജന്‍ കുര്യന്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ കിഡ്നി ഫൌണ്േടഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമ്മലും സന്നിഹിതനായിരുന്നു.

സ്വാതന്ത്യ്രസമര സേനാനിയും, ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി മെമ്പറും ട്രേഡ് യൂണിയന്‍ നേതാവുമായിരുന്ന പിതാവ് കുര്യന്‍ ഫ്രാന്‍സിസിന്റെ (മോഹന്‍നായര്‍) പാതകള്‍ പിന്തുടര്‍ന്നാണ് സാജന്‍ കുര്യന്‍ അമേരിക്കന്‍ രാഷ്ട്രീയരംഗത്തേക്കു പ്രവേശിക്കുന്നത്.

1991-ല്‍ അമേരിക്കയിലെത്തിയ സാജന്‍ കുര്യന്‍ റേഡിയോളജിക് ടെക്നോളജിസ്റാണ്. ചുരുങ്ങിയ കാലയളവില്‍ സൌത്ത് ഫ്ളോറിഡയിലെ ഇന്ത്യന്‍ കമ്യൂണിറ്റിക്കിടയില്‍ സജീവസാന്നിധ്യമാകാന്‍ സാജന്‍ കുര്യന് സാധിച്ചു. സാമൂഹിക-സാംസ്കാരിക മേഖലകളില്‍ സജീവമായതിനുശേഷമാണ് രാഷ്ട്രീയ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.

2012- 15 കാലയളവില്‍ ഫ്ളോറിഡയിലെ 2 സ്റേറ്റ് റെപ്രസന്റേറ്റീവിനൊപ്പം ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുള്ള പ്രവര്‍ത്തന പരിചയം ഏറെ ഗുണകരമായി. കൂടാതെ സിറ്റി ചാര്‍ട്ടര്‍ ബോര്‍ഡ്, ബ്രോവാര്‍ഡ് കൌണ്ടി സ്കൂള്‍ ബോര്‍ഡ് ഫെസലിറ്റീസ് ടാസ്ക് ഫോഴ്സ് (ഡിസ്ട്രിക്ട്- 7), മള്‍ട്ടി കള്‍ച്ചറല്‍ അഡ്വൈസറി ബോര്‍ഡ്, പാര്‍ക്ക് & റിക്രിയേഷന്‍ അഡ്വൈസറി ബോര്‍ഡ്, മഹാത്മാഗാന്ധി സ്ക്വയര്‍ ഫൌണ്േടഷന്‍ ബോര്‍ഡ് എന്നിവയിലും അംഗമാണ്. ഭാര്യ: ജൂലി. ഏകമകന്‍: ഷോണ്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം