കെകെഐസി (കെഎന്‍എം) സംവാദം ഒക്ടോബര്‍ രണ്ടിന്
Wednesday, September 30, 2015 6:39 AM IST
കുവൈത്ത് സിറ്റി: സാമ്രാജ്യത്വ കരുനീക്കങ്ങളുടെയും ഭൌതിക വിപ്ളവ പ്രത്യയശാസ്തങ്ങളുടെ സ്വാധീനത്തിന്റെയും ഫലമായാണു മുസ്ലിം ലോകത്ത് ഭീകര പ്രസ്ഥാനങ്ങള്‍ ഉടലെടുത്തത് എന്ന വസ്തുതയെ മറച്ചുവച്ച്, ഭീകരവാദികളുടെ പ്രചോദനം പ്രവാചകജീവിതമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ഇസ്ലാം വിരുദ്ധ ശക്തികളുടെ പരിശ്രമത്തിന്റെ പശ്ചാത്തലത്തില്‍ തുറന്ന സംവാദം സംഘടിപ്പിക്കുമെന്നു കെകെഐസി (കെഎന്‍എം) ഭാരവാഹികള്‍ പറഞ്ഞു.

ഒക്ടോബര്‍ രണ്ടിനു (വെള്ളി) വൈകുന്നേരം ആറിനു മംഗഫ് ബ്ളോക്ക് ഫോറിലെ റോയല്‍ ഓഡിറ്ററിയത്തില്‍ നടക്കുന്ന സ്നേഹസംവാദത്തിനു എംഎസ്എം സംസ്ഥാന പ്രസിഡന്റ് മുസ്തഫ തന്‍വീര്‍ നേതൃത്വം നല്‍കും.

കാമ്പയിനിന്റെ ഭാഗമായി കുവൈത്തിലെ മലയാളി സംഘടനകളെയും മാധ്യമ പ്രതിനിധികളെയും പങ്കെടുപ്പിച്ച് ഭീകരത പ്രവാചകാധ്യാപനമല്ല എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് അബാസിയയിലെ കണ്ണൂര്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു.

കെകെഐസി പ്രസിഡന്റ് അബ്ദുറഹ്മാന്‍ അടക്കാനി അധ്യക്ഷത വഹിച്ചു. എംഎസ്എം സംസ്ഥാന പ്രസിഡന്റ് മുസ്തഫാ തന്‍വീര്‍ ചര്‍ച്ച നയിച്ചു. കെഎംസിസി ആക്ടിംഗ് ചെയര്‍മാന്‍ ഫാറൂഖ് ഹമദാനി, ജനറല്‍ സെക്രട്ടറി ബഷീര്‍ ബാത്ത, കെകെഎംഎ ജനറല്‍ സെക്രട്ടറി കെ. ബഷീര്‍, കെഐജി സെക്രട്ടറി അന്‍സാര്‍ പറവൂര്‍, ഫ്രൈഡേ ഫോറം സെക്രട്ടറി ഫസീഹുള്ള, സെക്രട്ടറി കെകെഐസി (കെഎന്‍എം) നാസര്‍ ഇക്ബാല്‍, തോമസ് മാത്യു കടവില്‍, അന്‍വര്‍ സാദത് തള്ളിശേരി (മീഡിയ ഫോറം) സത്താര്‍ കുന്നില്‍, മുഷ്താക്, ഇസ്മയില്‍ പയ്യോളി, അനില്‍ പി. അലക്സ്, ഗ്രാന്റ് അയൂബ്, ഷബീര്‍ മുന്‍ടോളി എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. കെകെഐസി (കെഎന്‍എം) ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് കൊടുവള്ളി സ്വാഗതവും കണ്‍വീനര്‍ മുഹമ്മദ് അഷ്റഫ് മൂവാറ്റുപുഴ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍