'ഹൃദ്രോഗം നിയന്ത്രിക്കുവാന്‍ ബോധവത്കരണം പ്രധാനം'
Wednesday, September 30, 2015 6:38 AM IST
ദോഹ: ശാരീരികവും ജീവശാസ്ത്രപരവുമായ കാരണങ്ങളോടൊപ്പം തന്നെ അസൂയ, അഹങ്കാരം, അത്യാഗ്രഹം തുടങ്ങിയ മാനസികാവസ്ഥകളും ലോകത്ത് ഹൃദ്രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കാന്‍ കാരണമായതായി ആന്റി സ്മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുള്‍ റഷീദ് അഭിപ്രായപ്പെട്ടു.

ലോക ഹൃദയത്തോടനുബന്ധിച്ച് മീഡിയ പള്‍സ്, ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍, ആന്റി സ്മോക്കിംഗ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യകരമായ ജീവിതശൈലി ശീലിക്കുക, ഭക്ഷണക്രമത്തില്‍ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കര്‍മോല്‍സകരാവുക, രക്തസമ്മര്‍ദ്ദം, കൊഴുപ്പ്, പ്രമേഹം എന്നിവ നിയന്ത്രിക്കുക, ശരീര ഭാരം ആനുപാതികമായി നിലനിര്‍ത്തുക, മാനസികസമ്മര്‍ദ്ദം, കോപം മുതലായവ ലഘൂകരിക്കുക, പുകവലി നിര്‍ത്തുക, മദ്യപാനം വര്‍ജ്ജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാന്‍ നമ്മെ സഹായിക്കുമെന്നും പ്രസ്തുത വിഷയത്തില്‍ സമൂഹത്തിന്റെ അടിയന്തര ശ്രദ്ധ പതിയണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യപൂര്‍ണമായ ജീവിതരീതി, ആരോഗ്യത്തിനു ഹാനികരമാകുന്ന ഭക്ഷണരീതികളും ദുശീലങ്ങളും വര്‍ജിക്കുക, ശരിയായ ആഹാരരീതിയും ജീവിതശൈലിയും സ്വീകരിക്കുക, നല്ല പോഷണം, ദുര്‍മേദസ് ഒഴിവാക്കല്‍, പതിവായി വ്യായാമം ചെയ്യല്‍ എന്നിവയാണു ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായിട്ടുള്ളത്. ഈ നിലയ്ക്കു ചിന്തിക്കാന്‍ ഇത്തരം ദിനങ്ങള്‍ നമ്മെ പ്രേരിപ്പിക്കണം.

വ്യായാമം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറയ്ക്കുന്നു എന്ന തിരിച്ചറിവോടെ ജീവിത ശൈലിയില്‍ മാറ്റം വരുത്താതിരുന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു സെമിനാര്‍ മുന്നറിയിപ്പു നല്‍കി.

സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ്മാന്‍ കിഴിശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്ളസ്് സിഇഒ അമാനുള്ള വടക്കാങ്ങര, നാസര്‍ ഫാലഹ് ഫൌണ്േടഷന്‍ ജനറല്‍ മാനേജര്‍ കെ.വി. അബ്ദുള്ളക്കുട്ടി, ഡോ. അനീസ് അലി, റഫീഖ് മേച്ചേരി എന്നിവര്‍ സംസാരിച്ചു.