രണ്ടു വൃക്കകളും തകരാറിലായ യുവാവിനെ സഹായിക്കാന്‍ നിലമ്പൂര്‍ പ്രവാസി സംഘടന
Wednesday, September 30, 2015 6:35 AM IST
റിയാദ്: കുടുംബം പുലര്‍ത്താനായി തടിമില്ലില്‍ ജോലി ചെയ്തു വരുന്നതിനിടെ ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന യുവാവിനെ സഹായിക്കുന്നതിനായി റിയാദിലെ നിലമ്പൂര്‍ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂര്‍ പ്രവാസി സംഘടന രംഗത്ത്.

നിലമ്പൂര്‍ അയാര്‍പൊയില്‍ സ്വദേശി അപ്പക്കണ്ടത്തില്‍ ഇസ്മായില്‍ ഏറെ കാലമായി വൃക്കരോഗത്തിനു ചികിത്സയിലാണെങ്കിലും കുടുംബത്തിന്റെ ഏക ആശ്രയമായതിനാല്‍ രോഗം വകവയ്ക്കാതെ തടിമില്ലില്‍ ജോലി ചെയ്തു വരികയായിരുന്നു. മൂന്നു കുട്ടികളുടെ പിതാവ് കൂടിയായ ഇസ്മായില്‍ ആഴ്ചയില്‍ മൂന്നു തവണയാണ് ഇപ്പോള്‍ ഡയാലിസിസിനു വിധേയനാകുന്നത്.

തടിമില്ലില്‍നിന്നു കിട്ടുന്ന വരുമാനം കുടുംബത്തിന്റെ ചെലവിനും തന്റെ ചികിത്സക്കും മതിയാകാതെ ഏറെക്കാലമായി ഇസ്മായില്‍ ദുരിതത്തിലാണ്. ഇതു കണ്ടറിഞ്ഞ നിലമ്പൂര്‍ പ്രവാസി സംഘടനാ പ്രവര്‍ത്തകര്‍ എ.കെ. ഇസ്മായില്‍ ചികിത്സാ സഹായസമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു.

അബ്ദുള്ള വല്ലാഞ്ചിറ ചെയര്‍മാനും എരഞ്ഞിക്കല്‍ പര്‍വേസ് കണ്‍വീനറുമായാണ് സഹായസമിതി രൂപവത്കരിച്ചത്. അഷ്റഫ് പരുത്തിക്കുന്നന്‍, ഹിദായത്തുള്ള ചുള്ളിയില്‍, സൈനുലാബിദീന്‍ ഒറ്റകത്ത്, അബ്ദുള്‍ റസാഖ് അറയ്ക്കല്‍, സുള്‍ഫിക്കര്‍ ചെമ്പാല, ജാഫര്‍ മൂത്തേടത്ത്, ഷാജില്‍ മേലേതില്‍, ജാസിദ് അത്തിമണ്ണില്‍, ഉനൈസ് വല്ലപ്പുഴ, അന്‍വര്‍ പാറമ്മല്‍, റഫീഖ് കെ.പി, മുഹമ്മദ് ടി.പി എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്.

ബത്ഹയിലെ നിലമ്പൂര്‍ പ്രവാസി സംഘടനാ ഓഫീസില്‍ ചേര്‍ന്ന ചികിത്സാ സഹായസമിതി രൂപവത്കരണയോഗത്തില്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഷാഫി കൊടിഞ്ഞിയില്‍നിന്ന് അബ്ദുള്ള വല്ലാഞ്ചിറ ആദ്യ സംഭാവന ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പരിത്തിക്കുന്നന്‍ അഷ്റഫ് അധ്യക്ഷത വഹിച്ചു. ഷാഫി കൊടിഞ്ഞി, സുള്‍ഫിക്കര്‍ ചെമ്പാല, ജാഫര്‍ മൂത്തേടത്ത്, ഉനൈസ് എന്നിവര്‍ സംസാരിച്ചു. അന്‍വര്‍ പാറമ്മല്‍ സ്വാഗതവും കെ.പി. റഫീഖ് നന്ദിയും പറഞ്ഞു. വിവരങ്ങള്‍ക്ക്: 0502280069, 0509243016.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍