ഡ്രാഗണ്‍ ബോട്ട് റേസില്‍ വിജയിച്ച ഭാരത് ബോട്ട് ക്ളബ് ടീമംഗങ്ങളെ അനുമോദിച്ചു
Tuesday, September 29, 2015 5:04 AM IST
ന്യൂയോര്‍ക്ക്: ഫ്ളഷിംഗ് മെഡോസ് പാര്‍ക്കില്‍ വച്ചു നടന്ന ഡ്രാഗണ്‍ബോട്ട് റേസില്‍ പങ്കെടുത്ത് വിജയിച്ച ഭാരത് ബോട്ട് ക്ളബ്ബിലെ ടീമംഗങ്ങളെ അനുമോദിക്കുന്നതിനു റോക്ക് ലാന്‍ഡിലുള്ള ശ്രീ കൃഷ്ണരാജ് മോഹനന്റെ വസതിയില്‍ വച്ച് സെപ്റ്റംബര്‍ 25-നു (വെള്ളിയാഴ്ച) വൈകുന്നേരം പ്രസിഡന്റ് ജോണ്‍ താമരവേലിയുടെ അദ്ധ്യക്ഷതയില്‍ ഒരു യോഗം കൂടുകയുണ്ടായി.

ഭാരത് ബോട്ട് ക്ളബ്ബിന്റെ രക്ഷാധികാരികളില്‍ ഒരാള്‍ കൂടിയായ കൃഷ്ണരാജ് മോഹനന്‍ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ടീമിന്റെ കൂട്ടായ പ്രവര്‍ത്തനംകൊണ്ടാണു മത്സരത്തില്‍ വിജയിക്കാനായത് എന്നും എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും പ്രസിഡന്റ് ജോണ്‍ താമരവേലി പറഞ്ഞു. ഒക്ടോബര്‍ 3നു ഫ്ളോറിഡയില്‍ വച്ച് കേരള സമാജം സംഘടിപ്പിക്കുന്ന പത്താമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തില്‍ പങ്കെടുത്തു വിജയം കൈവരിക്കാന്‍ ഭാരത് ബോട്ട് ക്ളബ് റെഡിയായിക്കഴിഞ്ഞുവെന്നു ക്യാപ്റ്റന്‍ വിശ്വനാഥന്‍ കുഞ്ഞുപിള്ള അറിയിച്ചു.

ന്യൂയോര്‍ക്കില്‍ നേടിയ വിജയം ഫ്ളോറിഡയിലും ആവര്‍ത്തിക്കണമെങ്കില്‍ കൂട്ടായും യോജിപ്പോടുകൂടിയുമുള്ള അധ്വാനം ഒന്നുകൊണ്ടു മാത്രമേ കഴിയുകയുള്ളു എന്ന് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള ടീമിനെ അഭിസംബോധന ചെയ്തുകൊണ്ടു സംസാരിച്ചു.
തുടര്‍ന്ന് സെക്രട്ടറി ചെറിയാന്‍ ചാക്കാലപ്പടിക്കല്‍ ടീമിനെ അനുമോദിക്കുകയും ഫ്ളോറിഡയിലെ മത്സരത്തില്‍ വിജയം മാത്രമാണു ലക്ഷ്യം ഇടുന്നത് എന്നും പറഞ്ഞു.

ടീം മാനേജര്‍ കോശി ചെറിയാന്‍, ടീമംഗങ്ങളെ അഭിനന്ദിക്കുകയും ഫ്ളോറിഡയില്‍ നടക്കുന്ന മത്സരത്തില്‍ വിജയശ്രീലാളിതരായി മടങ്ങിവരാന്‍ എല്ലാവരും ആശീര്‍വദിക്കണം എന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ കെ.ജി. ജനാര്‍ദ്ദനന്‍, പ്രഫ. ജോസഫ് ചെറുവേലി, ട്രസ്റീ ബോര്‍ഡ് ചെയര്‍മാന്‍ അലക്സ് തോമസ്, ജയപ്രകാശ് നായര്‍, കോക്യാപ്റ്റന്‍ എബ്രഹാം തോമസ്, ട്രഷറര്‍ വിശാല്‍ വിജയ് തുടങ്ങിയവര്‍ പങ്കെടുത്തു. കൃഷ്ണരാജ് മോഹനന്‍ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട് സംസാരിച്ചു. വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം യോഗം പിരിഞ്ഞു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍