സംഗീത ആല്‍ബം 'റിവൈവ്' പ്രകാശനം ചെയ്തു
Monday, September 28, 2015 7:10 AM IST
ഷാര്‍ജ: ജോജോ അലക്സാണ്ടര്‍ രചന നിര്‍വഹിച്ച് ജോര്‍ജ് മാത്യു ചെറിയത്ത് സംഗീതം നല്‍കി പ്രശസ്ത പിന്നണി ഗായിക മൃദുല വാരിയര്‍ ആലപിച്ച, ഏറ്റവും പുതിയ ക്രിസ്തീയ സംഗീത വീഡിയോ ആല്‍ബം 'റിവൈവ്' പ്രകാശനം ചെയ്തു.

ഷാര്‍ജ വൈഎംസിഎയുടെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ വൈഎംസിഎ ഷാര്‍ജ യൂണിറ്റ് പ്രസിഡന്റ് കുര്യന്‍ തോമസ്, ദുബായി യൂണിറ്റ് പ്രസിഡന്റ് മനോജ് ജോര്‍ജിനു സിഡി നല്‍കി പ്രകാശനം നിര്‍വഹിച്ചു.

അലക്സ് വര്‍ഗീസ് സംവിധാനം ചെയ്ത സംഭാഷണത്തോടുകൂടിയ ഈ സംഗീത ആല്‍ബത്തിന്റെ വീഡിയോഗ്രാഫിയും എഡിറ്റിംഗും റിയാസ് ടൈം പാസ് ആണ് നിര്‍വഹിച്ചിരിക്കുന്നത്. മരിയ ബിനോയും സൂസന്‍ ബിജു വര്‍ഗീസും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ചടങ്ങില്‍ വൈഎംസിഎ നാഷണല്‍ പ്രതിനിധി സാജന്‍ വേളൂര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി, ജോര്‍ജ് മാത്യു ചെറിയത്ത്, അലക്സ് വര്‍ഗീസ്, ജിജോ കളീക്കല്‍, വൈഎംസിഎ ഷാര്‍ജ യൂണിറ്റ് സെക്രട്ടറി ജോര്‍ജ് ജയിംസ്, മരിയ സുസന്‍ ബിനോ തുടങ്ങിയവര്‍ സംബന്ധിച്ചു.