കല കുവൈറ്റ് ഓണമാഘോഷിച്ചു
Monday, September 28, 2015 2:51 AM IST
കുവൈറ്റ് സിറ്റി: സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം നാടാകെ ഉയരട്ടെ എന്ന സന്ദേശമുയര്‍ത്തി കേരള ആര്‍ട് ലവേഴ്സ് അസോസിയേഷ9 കല കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. അബു ഹലീഫ അല്‍സഹീല്‍ സ്പോര്‍ട്സ് ക്ളബില്‍ നടന്ന പരിപാടികള്‍ കല കുവൈറ്റ് പ്രസിഡന്റ് ടി.വി.ഹിക്മത്ത് ഉദ്ഘാടനം ചെയ്തു.

ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സദസിലേക്ക് മാവേലി വന്നു ചേര്‍ന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്നു വനിതാവേദി കുവൈറ്റ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിരക്കളിയോടുകൂടി കലാ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. ശാസ്ത്രീയ നൃത്തങ്ങള്‍, വള്ളപ്പാട്ട്, നാടന്‍ പാട്ടുകള്‍, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍, എന്നിവവയും ഒരുക്കിയിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ കലയുടെ സാല്‍മിയ മേഖല കമ്മറ്റി ഒന്നാംസ്ഥാനവും ഫഹഹീല്‍ മേഖല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വനിതാവേദി കുവൈറ്റിന് മൂന്നാം സ്ഥാനം ലഭിച്ചു. വടംവലി മത്സരത്തില്‍ മഹാബുള്ളഇ യൂണിറ്റിന് ഒന്നാം സ്ഥാനവും അബു ഹലീഫഇ യൂനിറ്റിന് രണ്ടാം സ്ഥാനവും ലഭിച്ചു.

ആയിരത്തി അഞ്ഞൂറിലധികം കല കുടുംബാങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിന് കല കുവൈറ്റ് ജനറല്‍സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതമാശംസിച്ചു. വനിതാവേദി കുവൈറ്റിന് വേണ്ടി ശ്യാമള നാരായണന്‍ ആശംസയര്‍പ്പിച്ചു. ട്രഷറര്‍ അനില്‍ കൂക്കിരി നന്ദി പ്രകാശിപ്പിച്ചു. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരും പരിപാടികളില്‍ അതിഥികളായി എത്തിയിരുന്നു.

ആഘോഷ പരിപാടികള്‍ക്ക് സുഗതകുമാര്‍, സുനില്‍ കുമാര്‍, രമേശ് കാപ്പാടന്‍, സജീവ്.എം.ജോര്‍ജ്ജ്, സജീവ് അബ്രഹാം, പ്രസീദ്കരുണാകരന്‍, ജിജി ജോര്‍ജ്ജ്, സണ്ണി സൈജേഷ്, രെമ അജിത്, ദിലിന്‍ നാരായണന്‍, അജിത്കുമാര്‍, സൈജു, വിജീഷ്. യു.പി, സുജിത്, ആസഫ്, രവീന്ദ്രന്‍പിള്ള, ജിജോ ഡൊമനിക്, ശ്യാമ മധു, മൈക്കല്‍ ജോണ്‍സന്‍, വിജയകൃഷ്ണന്‍, മധു കൃഷ്ണ, ജോണ്‍സന്‍ ജോര്‍ജ്ജ്, രാജന്‍ പള്ളിപ്പുറം, സുദര്‍ശനന്‍, സിത്ഥാര്‍ത്, അരുണ്‍കുമാര്‍, സജിത്ത് കടലുണ്ടി, സുരേഷ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍