കേരള റൈറ്റേഴ്സ് ഫോറം, ഹൂസ്റന്‍ വാര്‍ഷിക സമ്മേളനം നടത്തി
Saturday, September 26, 2015 5:13 AM IST
ഹൂസ്റന്‍: ഹൂസ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാള എഴുത്തുകാരുടെയും വായനക്കാരുടെയും നിരൂപകരുടെയും ആസ്വാദകരുടെയും സംയുക്ത സംഘടനയായ കേരള റൈറ്റേഴ്സ് ഫോറം സെപ്റ്റംബര്‍ 19-ാം തീയതി വൈകുന്നേരം ഹൂസ്റനിലെ സ്റാഫോര്‍ഡിലുള്ള മാമാപുട്ട് ഓഡിറ്റോറിയത്തില്‍ വാര്‍ഷിക സമ്മേളനം നടത്തി. 2014 ഒക്ടോബര്‍ മാസം മുതല്‍ സെപ്റ്റംബര്‍ 2015, വരെയുള്ള 12 മാസക്കാലത്തെ കേരള റൈറ്റേഴ്സ് ഫോറത്തിന്റെ വിവിധ ചര്‍ച്ചാസമ്മേളനങ്ങളും സെമിനാറുകളും സംവാദങ്ങളും വിലയിരുത്തിക്കൊണ്ടുള്ള വാര്‍ഷിക ചര്‍ച്ചാസമ്മേളനമായിരുന്നു ഇത്. കേരളാ റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ജോണ്‍ മാത്യുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഹൂസ്റനിലും പ്രാന്തപ്രദേശങ്ങളിലും അധിവസിക്കുന്ന അനുഗ്രഹീതരായ മലയാള ഭാഷാ സ്നേഹികളുടേയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും മാധ്യമപ്രവര്‍ത്തകരുടേയും സജീവ സാന്നിധ്യംകൊണ്ട് കേരള റൈറ്റേഴ്സ് ഫോറത്തിന്റെ ഈ ചര്‍ച്ചാ സമ്മേളനം അത്യന്തം സമ്പുഷ്ടമായിരുന്നു. ജോണ്‍ മാത്യുവിന്റെ അധ്യക്ഷ പ്രസംഗത്തില്‍ കഴിഞ്ഞ ഓരോ മാസത്തിലും ചര്‍ച്ചകളും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും നടത്തി കേരളാ റൈറ്റേഴ്സ് ഫോറത്തില്‍ വന്നവര്‍ക്ക് അറിവും വിജ്ഞാനവും അതോടൊപ്പം അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ സുവര്‍ണാവസരങ്ങള്‍ ഒരുക്കി കൊടുത്ത സാഹിത്യകാരന്മാരേയും ചിന്തകരേയും എഴുത്തുകാരേയും പത്രമാധ്യമ പ്രവര്‍ത്തകരെയും ഓരോരുത്തരെയായി പേരെടുത്ത് പറഞ്ഞ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരു വര്‍ഷകാലത്തെ കേരള റൈറ്റേഴ്സ് ഫോറത്തിന്റെ നിസ്തുലമായ സേവനങ്ങളേയും നേട്ടങ്ങളേയും വിലയിരുത്തിക്കൊണ്ട് ഒരു ചിന്തകനും നിര്‍ഭയനുമായ സ്വതന്ത്ര എഴുത്തുകാരന്റെ കര്‍ത്തവ്യങ്ങളെ ഉല്‍ബോധിപ്പിച്ചു കൊണ്ട് കേരള റൈറ്റേഴ്സ് ഫോറം ട്രഷറര്‍ ഈശോ ജേക്കബ് പ്രസംഗിച്ചു.

കഴിഞ്ഞ ഓരോ മാസവും ശാസ്ത്രം, ഭാഷാസാഹിത്യം, രാഷ്ട്രീയം, മതം, മതനിരപേക്ഷത, സെക്യുലറിസം, സാഹിത്യശാഖയിലെ തന്നെ നോവല്‍ സാഹിത്യം, ചെറുകഥാ പ്രസ്ഥാനം, ഗദ്യം, പദ്യം, ചരിത്രം തുടങ്ങിയ മഹത്തായ വിഷയങ്ങളെ ആധാരമാക്കിയ ചര്‍ച്ചകളും, പ്രബന്ധങ്ങളും, പ്രഭാഷണങ്ങളും, ശില്പശാലകളും, സെമിനാറുകളും സംവാദങ്ങളും റൈറ്റേഴ്സ് ഫോറം മുടങ്ങാതെ ചിട്ടയായി സംഘടിപ്പിച്ചിരുന്നു.

അമേരിക്കയിലെങ്ങും അതിപ്രശസ്തരും പത്രമാധ്യമങ്ങളിലെ നിറസാന്നിധ്യവുമായ അനേകം എഴുത്തുകാരും സാഹിത്യകാരന്മാരും കലാകാരന്മാരും കലാകാരികളും ഹ്യൂസ്റനിലെ റൈറ്റേഴ്സ് ഫോറത്തിലെ ചര്‍ച്ചാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതുതന്നെ അത്യന്തം സന്തോഷകരവും ചാരിതാര്‍ത്ഥ്യ ജനകവുമാണെന്ന് റൈറ്റേഴ്സ് ഫോറം സെക്രട്ടറി മാത്യു മത്തായി അഭിപ്രായപ്പെട്ടു.

ഇപ്രാവശ്യത്തെ വാര്‍ഷിക ചര്‍ച്ചാസമ്മേളനത്തില്‍ ക്ഷണിതാക്കളായി പ്രശസ്തസാഹിത്യകാരന്മാരും സാഹിത്യകാരികളും രചയിതാക്കളും സംഘാടകരും മാധ്യമപ്രവര്‍ത്തകരും ആസ്വാദകരുമായ ജോസഫ് പൊന്നോലി, ചെറിയാന്‍ മഠത്തിലേത്ത്, ജോസഫ് മണ്ഡപം, മാത്യു നെല്ലിക്കുന്ന്, എ.സി. ജോര്‍ജ്, റോഷന്‍ ജേക്കബ്, പീറ്റര്‍ ജി. പൌലോസ്, പി.സി. ജേക്കബ്, ബാബു കുരവക്കല്‍, ജോസഫ് തച്ചാറ, ദേവരാജ് കാരാവള്ളില്‍, നൈനാന്‍ മാത്തുള്ള, ടോം വിരിപ്പന്‍. മേരി കുരവക്കല്‍, അഡ്വക്കേറ്റ് മാത്യു വൈരമണ്‍, ബോബി മാത്യു, ഷാജി പാല്‍മസ് ആര്‍ട്ട്, ടി.എന്‍. സാമുവല്‍, ജോണ്‍ കുന്തറ, വല്‍സന്‍ മഠത്തിപറമ്പില്‍, ജോസഫ് തച്ചാറ, ഗ്രേസി മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ഈശോ ജേക്കബ് തുടങ്ങിയവരായിരുന്നു.

റിപ്പോര്‍ട്ട്: എ.സി. ജോര്‍ജ്