സിയാറ്റില്‍ ബസപകടം: നാലു വിദ്യാര്‍ഥികള്‍ മരിച്ചു
Friday, September 25, 2015 6:50 AM IST
സിയാറ്റില്‍: സിയാറ്റില്‍ അറോറ പാലത്തില്‍ സെപ്റ്റംബര്‍ 24നുണ്ടായ ബസപകടത്തില്‍ നാലു വിദ്യാര്‍ഥികള്‍ മരിക്കുകയും അമ്പത്തിയൊന്നു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതില്‍ 12 പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

മരിച്ച നാല് ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികളും നോര്‍ത്ത് സിയാറ്റിന്‍ കോളജില്‍ നിന്നുളളവരാണെന്ന് വ്യാഴാഴ്ച വൈകുന്നേരം ലഭിച്ച റിപ്പോര്‍ട്ടുകളില്‍ സ്ഥിരീകരിച്ചു ഇവരുടെ വിശദ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

നോര്‍ത്ത് സിയാറ്റില്‍ കോളജില്‍നിന്നുളള 45 സ്റാഫും വിദ്യാര്‍ഥികളുമായി യാത്ര പുറപ്പെട്ട ചാര്‍ട്ടര്‍ ചെയ്ത ബസ് രാവിലെ 11.15നു നിയന്ത്രണം വിട്ട ഡക്ക് ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തൊണ്ണൂറോളം അഗ്നി ശമന സേനാംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് തകര്‍ന്ന ബസില്‍ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. വെളളത്തിലും റോഡിലും ഒരു പോലെ സഞ്ചരിക്കുന്നതാണു ഡക്ക് ബോട്ട്.

മരിച്ച നാലു പേരും വിദേശ വിദ്യാര്‍ഥികളായതിനാല്‍ എംബസികളുമായി ബന്ധപ്പെട്ടതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാവൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍