ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അമേരിക്കയില്‍ പ്രൌഢഗംഭീര സ്വീകരണം
Wednesday, September 23, 2015 6:37 AM IST
വാഷിംഗ്ടണ്‍: ആറുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിചേര്‍ന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രൌഢഗംഭീര സ്വീകരണം നല്‍കി. സെപ്റ്റംബര്‍ 22നു (ചൊവ്വ) ഉച്ചകഴിഞ്ഞ് വാഷിംഗ്ടണ്‍ ആന്‍ഡ്രൂസ് എയര്‍ബേസില്‍ മാര്‍പാപ്പയെ വഹിച്ചുകൊണ്ടുളള വിമാനം എത്തിച്ചേര്‍ന്നതോടെ അമേരിക്കയിലേക്കു സ്വാഗതം ചെയ്തുകൊണ്ട് കൂടി നിന്നിരുന്ന ജനങ്ങളില്‍നിന്ന് പാപ്പാ, ഹൊ, ഹൊ, ഹൈ, ഹൈ തുടങ്ങിയ ജയ് വിളികള്‍ ഉയര്‍ന്നു.

പ്രസിഡന്റ് ഒബാമ, കുടുംബാംഗങ്ങള്‍, വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയവര്‍ വിമാനത്തില്‍നിന്ന്ം ഇറങ്ങി വന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ ഹസ്ത ദാനം നല്‍കിയാണു സ്വീകരിച്ചത്. തുടര്‍ന്നു ഇരു നേതാക്കളും കുശലാന്വേഷണം നടത്തി.

തുടര്‍ന്നു ജനങ്ങളെ അഭിസംബോധന ചെയ്യാതെ മോഡസ്റ് ഫിയറ്റ് സെഡാന്‍ കാറില്‍ കയറി മാര്‍പാപ്പ വത്തിക്കാന്‍ ഡിപ്ളോമാറ്റിക് മിഷനിലേക്കു യാത്രയായി.

അമേരിക്കയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്കയിലെ മൂന്നു പ്രധാന സിറ്റികളിലാണു സന്ദര്‍ശനം നടത്തുക.

വ്യാഴാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളെയും സംയുക്തമായി മാര്‍പാപ്പ അഭിസംബോധന ചെയ്യുമെന്ന് വത്തിക്കാന്‍ വക്താവ് സൂചന നല്‍കി.

ഇമിഗ്രേഷന്‍ റിഫോംസ്, ദാരിദ്യ്ര നിര്‍മാര്‍ജനം, ആഗോള കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗിക്കുമെന്നാണു കരുതുന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍