വിഗ്രഹ വിവാദം: എംബസിയില്‍നിന്നു മാറ്റാന്‍ ധാരണ
Wednesday, September 23, 2015 6:30 AM IST
കുവൈത്ത് : ഇന്ത്യന്‍ എംബസിയില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഗണേശ വിഗ്രഹം എംബസിയില്‍നിന്നു മാറ്റാന്‍ ധാരണയായി.

പൊതു സമൂഹത്തില്‍നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം വിഗ്രഹത്തോട് അനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകം എടുത്തുമാറ്റിയിരുന്നു. വിഗ്രഹ വിവാദത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം ശക്തമായി ഉയരുന്നതിനെത്തുടര്‍ന്നാണ് അംബാസഡര്‍ സുനില്‍ കെ. ജയിന്‍ ഗണേശ വിഗ്രഹം സ്വവസതിയിലേക്കു മാറ്റാന്‍ സമ്മതം അറിയച്ചത്.

ഇന്ത്യന്‍ എംബസിയെ സുതാര്യമാക്കുന്നതിലുടെ പൊതുസമ്മതനായ സ്ഥാനപതിയുടെ തീരുമാനം സമാധാനപരമായി ജീവിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനു ഗുണകരമാണെന്നു സംഘടനാ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഗണേശ ചതുര്‍ഥി ഉത്സവത്തോടനുബന്ധിച്ചാണ് 150 കിലോ ഭാരം വരുന്ന വിഗ്രഹം എംബസിയില്‍ സ്ഥാപിച്ചത്.

കുവൈത്തി പൌരന്‍ ഇന്ത്യ സന്ദര്‍ശനത്തിനിടെ കൌതുകവസ്തുവായി വാങ്ങിയ വിഗ്രഹം ആരാധനമൂര്‍ത്തിയാണെന്ന് അറിഞ്ഞതോടെ ഉപേക്ഷിക്കുകയും ഇന്ത്യന്‍ എംബസി ഇടപെട്ട് ഏറ്റെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയിലെ ലൈബ്രറിയോടു ചേര്‍ന്ന് പുരാതന വസ്തുവെന്ന നിലയില്‍ വിഗ്രഹം സ്ഥാപിക്കുകയായിരുന്നുവെന്നു കഴിഞ്ഞ ദിവസം എംബസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ മതേതര സംസ്കാരം സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ എംബസിയില്‍ പ്രത്യേക സമൂഹത്തിന്റെ പ്രതിമ സ്ഥാപിച്ചതിനെച്ചൊല്ലി ശക്തമായ പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. നയതന്ത്ര കാര്യാലയങ്ങളില്‍ സ്വകാര്യമായി പ്രത്യേക വിഭാഗത്തിന്റെ പ്രതിഷ്ഠകള്‍ സ്ഥാപിച്ച് നടത്തുന്ന ആചാര അനുഷ്ഠാനങ്ങള്‍ ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ വിഗ്രഹത്തെ സ്വവസതിയിലേക്ക് മാറ്റാന്‍ സ്ഥാനപതി തീരുമാനിച്ചതെന്ന് അറിയുന്നു. എംബസിയെ സുതാര്യമാക്കുന്നതില്‍ ശക്തമായ ജനകീയ നടപടികളെടുത്ത അംബാസഡറുടെ തീരുമാനത്തോടുകൂടി വിവാദത്തിന് തിരശീല വീഴുമെന്നാണു കരുതുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍