എസ്എംസിസി എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Wednesday, September 23, 2015 5:08 AM IST
മയാമി: രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം യേശുക്രിസ്തുവിന്റെ പരസ്യജീവിതത്തിന്റെ നേര്‍ക്കാഴ്ച ഓര്‍മ്മപ്പെടുത്തുന്ന പലസ്തീനിലിലും, ഇസ്രായേലിലും, ജോര്‍ദാനിലുമായി നടന്ന അത്ഭുതങ്ങളുടേയും, അടയാളങ്ങളുടേയും ഇന്നും തുടിക്കുന്ന തിരുശേഷിപ്പുകള്‍ ഉണര്‍ത്തുന്ന വഴിത്താരയിലൂടെ ഒരു പുണ്യതീര്‍ഥാടനം.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഓക്സിലറി ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും നടക്കുന്ന ക്രൈസ്തവ മത പീഡനത്തിനെതിരേ ധാര്‍മ്മിക ഐക്യം പ്രകടിപ്പിച്ച് ചിക്കാഗോ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ നാലു മുതല്‍ 15 വരെ പ്രാര്‍ത്ഥനാനിരതമായ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം നടത്തുന്നത്.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 90-ലധികം തീര്‍ത്ഥാടകര്‍ ഉള്‍പ്പെടുന്ന ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനത്തില്‍ വിവിധ ക്രൈസ്തവ സഭകളില്‍പ്പെട്ട മലയാളികളും, പുരോഹിതരും, മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവും 12 ദിവസം നീളുന്ന ഈ വിശുദ്ധ നാട് തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു ലോക സമാധാനത്തിനും മത പീഡനത്തിനുമെതിരേ പ്രാര്‍ത്ഥിക്കുന്നു.

ഫ്ളോറിഡ, കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ എസ്.എം.സി.സിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഓര്‍മ്മയ്ക്കായിട്ടാണു സമാധാനത്തിനുവേണ്ടിയുള്ള ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുവാന്‍ ഇടയായതെന്ന് വികാരിയും എസ്എംസിസി ചാപ്ളെയിനുമായ ഫാ. കുര്യാക്കോസ് കുമ്പക്കീലും, ചാപ്റ്റര്‍ പ്രസിഡന്റും ടൂര്‍ കോര്‍ഡിനേറ്ററുമായ ജോയി കുറ്റ്യാനിയും അറിയുച്ചു.

ഫ്ളോറിഡയിലും കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് ഹോളിഡേ ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയാണ് എസ്എംസിസിക്കുവേണ്ടി ആദ്യമായി അമേരിക്കയില്‍ നിന്നുള്ള ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം ഒരുക്കിയിരിക്കുന്നതെന്ന് എസ്എംസിസി സെക്രട്ടറി അനൂപ് പ്ളാത്തോട്ടവും ട്രഷറര്‍ റോബിന്‍ ആന്റണിയും അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം