പല്‍പക് 'പൊന്നോണം 2015' ആഘോഷിച്ചു
Tuesday, September 22, 2015 6:02 AM IST
കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈത്ത് (പല്‍പക്) സെപ്റ്റംബര്‍ 18നു 'പൊന്നോണം 2015' അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ ആഘോഷിച്ചു.

ഘോഷയാത്രയുടെ അകമ്പടിയോടെ മാവേലിക്ക് വരവേല്‍പ്പു നല്‍കിയശേഷം പല്‍പക് പ്രസിഡന്റ് ഷൈനു ജി. കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം കേരള ഫോക്ലോര്‍ അക്കാഡമി മുന്‍ ചെയര്‍മാനും പ്രശസ്ത നാടന്‍പാട്ടു കലാകാരനും ചലച്ചിത്ര പിന്നണിഗായകനുമായ സി.ജെ. കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ കൃഷ്ണന്‍, പി.എന്‍. കുമാര്‍, അരവിന്ദാക്ഷന്‍, സ്മിത മനോജ് എന്നിവര്‍ സംസാരിച്ചു. യോഗത്തിനു ആര്‍ട്സ് സെക്രട്ടറി സുരേഷ് മാധവന്‍ സ്വാഗതവും ട്രഷറര്‍ മോഹന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്നു പല്‍പക് അംഗങ്ങള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും സംഗീതശില്‍പ്പങ്ങളും തിരുവാതിരയും ഗാനാലാപനങ്ങളും അരങ്ങേറി. വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം ഡിലൈറ്റ്സ് മ്യൂസിക് ബാന്‍ഡിന്റെ കലാകാരന്മാരോടൊപ്പം സി.ജെ. കുട്ടപ്പന്റെ നേതൃത്വത്തില്‍ നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച സംഗീതവിരുന്ന് ഏറെ ഹൃദ്യമായി.

17നു (വ്യാഴം) പല്‍പക് അംഗങ്ങള്‍ക്കായി പൂക്കളമത്സരവും കുട്ടികള്‍ക്കായി ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. 'നാട്ടറിവും നാടന്‍പാട്ടും' എന്ന വിഷയത്തെ ആസ്പദമാക്കി 19നു (ശനി) സി.ജെ. കുട്ടപ്പനുമായി മുഖാമുഖം സംഘടിപ്പിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍