'സന്നദ്ധസംഘടനകളുടെ ഹജ്ജ് സേവനദൌത്യങ്ങള്‍ അനുകരണീയം'
Tuesday, September 22, 2015 6:00 AM IST
ജിദ്ദ: ആത്മ സമര്‍പ്പണത്തിന്റെ സുകൃത സംഗമമായ ഹജ്ജിലൂടെ ലഭിക്കുന്ന സ്നേഹ പാരസ്പര്യ സന്ദേശം ലോക സമാധാനത്തിന്റെ വാതായനങ്ങള്‍ തുറക്കുന്നുവെന്നും തിരുഗേഹങ്ങളുടെ നാട്ടില്‍ അല്ലാഹുവിന്റെ അതിഥികള്‍ക്കായി ലോകോത്തര സൌകര്യങ്ങളൊരുക്കുന്ന സൌദി ഭരണകൂടത്തിന്റെ സേവനങ്ങള്‍ ശ്ളാഘനീയമാണെന്നും

കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജിദ്ദ ഇസ്ലാമിക് സെന്ററില്‍ എസ്കെഎസ്എസ്എഫ് സേവന വിഭാഗം 'വിഖായ' ഹജ്ജ് വോളന്റിയര്‍മാര്‍ക്കായുള്ള അവസാനഘട്ട ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

സൌദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ വിശിഷ്ടാതിഥിതിയായി ഹജ്ജിനെത്തിയ കേരള വഖഫ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ തങ്ങള്‍ തെരക്കിനിടയിലും 'വിഖായ' സംഘാംഗങ്ങളെ പരിചയപ്പെടാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സമയം കണ്െടത്തിയത് പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി.

സയിദ് ഉബൈദുള്ള തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയിദ് സഹല്‍ തങ്ങള്‍, സി.എച്ച്. തയിബ് ഫൈസി, ഫരീദ് സാഹിബ് (എറണാംകുളം), മുസ്തഫ ഹുദവി കൊടുവള്ളി, അബ്ദുള്ള ഫൈസി കൊളപറമ്പ്, മുസ്തഫ ബാഖവി ഊരകം, ഹാഫിസ് ജാഫര്‍ വാഫി, മുസ്തഫ ഹുദവി കൊടക്കാട്, അബ്ദുള്‍ ബാരി ഹുദവി, അബ്ദുള്‍ കരീം ഫൈസി, അലി മൌലവി നാട്ടുകല്‍, അബൂബക്കര്‍ ദാരിമി താമരശേരി, അബൂബക്കര്‍ ദാരിമി ആലംപാടി, രായിന്‍ കുട്ടി നീറാട്, സവാദ് പേരാമ്പ്ര തുടങ്ങിയവര്‍ സംബന്ധിച്ചു.

കിംഗ് ഖാലിദ് നാഷണല്‍ ഗാര്‍ഡ് ഹോസ്പിറ്റല്‍ ന്യൂറോളജി വിഭാഗത്തിലെ ഡോ. ജലീല്‍ ആരോഗ്യരംഗത്തെ പ്രായോഗിക പരിശീലന ക്ളാസെടുത്തു. തൌസീഫ് കിളിനാദന്‍ വ്യക്തിത്വ വികസന സെഷനിലും റഷീദ് മണിമൂളി, ഫിറോസ് മാട്ടില്‍ എന്നിവര്‍ മാപ്പ് റീഡിംഗ് സെഷനിലും പരിശീലനത്തിനു നേതൃത്വം നല്‍കി.

വിഖായ വൈസ് ക്യാപ്റ്റന്‍ മൊയ്ദീന്‍ കുട്ടി അരിമ്പ്ര സ്വാഗതവും കണ്‍വീനര്‍ ദില്‍ഷാദ് തലാപ്പില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍