ബത്ഹയിലെ അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംബസിയില്‍ പരാതി
Tuesday, September 22, 2015 4:48 AM IST
റിയാദ്: ബത്ഹയിലേയും പരിസരങ്ങളിലേയും ഇന്ത്യന്‍ സമൂഹത്തിനെതിരേ തിരഞ്ഞുപിടിച്ചു നടക്കുന്ന പിടിച്ചുപറി സംഘത്തിന്റെ അക്രമങ്ങള്‍ക്കെതിരേ അടിയന്തര നടപടിയെടുക്കാന്‍ സൌദി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്ന് അപേക്ഷിച്ചുകൊണ്ട് ന്യൂ ഏജ് ഇന്ത്യാ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ക്കു നിവേദനം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ പോലും കൂട്ടാമായെത്തി അക്രമം അഴിച്ചു വിടുന്നതു പതിവായിട്ടുണ്െടന്നും പോലീസ് ജാഗ്രത കാണിച്ചാല്‍ ഇത് നിര്‍ത്താന്‍ സാധിക്കുമെന്നും നിവേദനത്തില്‍ പറഞ്ഞു. വിദേശകാര്യ മന്ത്രാലയം വഴി ഇന്ത്യന്‍ എംബസി ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരണമെന്നാണു സംഘടനയുടെ ആവശ്യം.

ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി അനില്‍ നൌട്ട്യാലിന് ന്യൂ ഏജ് സാംസ്കാരിക വേദി ഭാരവാഹികളായ സക്കറിയ പുറക്കാട്, ഹരി നായര്‍, വിനോദ് രാജ് എന്നിവര്‍ ചേര്‍ന്നു നിവേദനം കൈമാറി. സംഘടയുടെ ആവശ്യം അടിയന്ത പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനും എംബസിയുടെ ഭാഗത്തു നിന്നും ഇതിന് പരിഹാരം കാണാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കാനും തയാറാണെന്നും അനില്‍ നൌട്ട്യാല്‍ ഇവര്‍ക്ക് ഉറപ്പു നല്‍കിയതായി ന്യൂ ഏജ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അതിനിടെ, കഴിഞ്ഞ ദിവസം ബത്ഹയിലെ ശാര റെയിലില്‍ റിയാദ് ബാങ്കിനു പിന്‍വശമുള്ള വിദേശികള്‍ ജോലി ചെയ്യുന്ന കടകമ്പോളങ്ങള്‍ അക്രമികള്‍ മാരകായുധങ്ങളുമായെത്തി അടിച്ചുതകര്‍ത്തു. കഴിഞ്ഞ ദിവസം ഇവിടെവച്ച് ഒരു അക്രമിയെ പിടികൂടി ആളുകള്‍ പോലീസിലേല്‍പ്പിച്ചിരുന്നു. അതിന്റെ പ്രതികാരമായാണു അക്രമം നടത്തിയതെന്നു കരുതുന്നതായി ഒരു ദൃക്സാക്ഷി പറഞ്ഞു. വിവരമറിഞ്ഞ് പോലീസെത്തിയപ്പോഴേക്കും ഇവര്‍ ഓടിമറഞ്ഞു. പുലര്‍ച്ചെ സുബഹ് നമസ്കാരത്തിനായി പള്ളികളിലേക്ക് പോകുന്നവരെപ്പോലും നടുറോഡില്‍ തടഞ്ഞു നിര്‍ത്തി അക്രമിക്കുന്നത് ഇപ്പോള്‍ ശാര റെയിലിലും പരിസരങ്ങളിലും നിത്യസംഭവമാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍