ആര്‍എസ്സി സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി
Monday, September 21, 2015 6:11 AM IST
കുവൈത്ത്: റിസാല സ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവുകള്‍ക്ക് ഗള്‍ഫ് നാടുകളില്‍ തുടക്കം. മാപ്പിള പൈതൃക കലാവിഭവങ്ങളുടെയും സാഹിതീയ സര്‍ഗ പ്രതിഭാത്വത്തിന്റെയും ബദല്‍ അരങ്ങുകള്‍ സൃഷ്ടിച്ചാണ് രണ്ടു മാസം നീളുന്ന സാഹിത്യോത്സവുകള്‍ക്ക് ഗള്‍ഫിലെ ഗ്രാമങ്ങളും നഗരങ്ങളും സാക്ഷിയാക്കുന്നത്.

49 കലാ സാഹിത്യ ഇനങ്ങളില്‍ പ്രൈമറി മുതല്‍ സീനയര്‍ വരെ നാലു വിഭാഗങ്ങളിലാണ് സാഹിത്യോത്സവുകളില്‍ മത്സരങ്ങള്‍ നടക്കുക. യൂണിറ്റ്, സെക്ടര്‍, സോണ്‍, നാഷണല്‍ എന്നീ ഘടകങ്ങളിലായി ഗള്‍ഫില്‍ അഞ്ഞൂറിലധികം ആസ്വാദന അരങ്ങുകളാണ് സൃഷ്ടിക്കപ്പെടുക. യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു. സെക്ടര്‍, സോണ്‍ സാഹിത്യോത്സവുകള്‍ അടുത്ത വാരങ്ങളില്‍ നടക്കും. നവംബര്‍ മധ്യത്തോടെ ദേശീയ സാഹിത്യോത്സവുകള്‍ക്ക് അരങ്ങുണരും.

കുവൈത്ത് നാഷണല്‍ സാഹിത്യോത്സവ് നവംബര്‍ 13നു അബാസിയ പാക്കിസ്ഥാന്‍ ഇംഗ്ളീഷ് സ്കൂളില്‍ അരങ്ങേറും. എസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്യും. 

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, മൌലിദ് പാരായണം, മദ്ഹ് ഗാനം, അറബി ഉറുദു ഗാനങ്ങള്‍, ദഫ്മുട്ട്, പ്രസംഗം, കഥ,കവിതാ രചന, മാഗസിന്‍ തുടങ്ങി പ്രതിഭാത്വങ്ങളുടെ സര്‍ഗാത്മക പ്രകാശനത്തിന്റെ സൌഹൃദ മത്സരങ്ങളും ആസ്വാദനവും അനുഭൂതിയുമാണ് സാഹിത്യോത്സവുകള്‍ സമ്മാനിക്കുക. ഉദ്ഘാടന, സമാപന വേദികളില്‍ സാംസ്കാരിക, സാമൂഹിക വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

ഇതു ഏഴാം വര്‍ഷമാണ് ഗള്‍ഫ് നാടുകളില്‍ ആര്‍എസ്സി വ്യവസ്ഥാപിത സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കുന്നത്. ജനകീയ സാംസ്കാരിക ബദല്‍ വേദികള്‍ കൂടിയായാണ് സാഹിത്യോത്സവുകളുടെ സംഘാടനം. പൂര്‍ണമായും ആര്‍എസ്സി പ്രവര്‍ത്തകരാല്‍ അരങ്ങുകള്‍ സൃഷ്ടിക്കപ്പെടുന്ന വേദികള്‍ കൂടിയാണ് സാഹിത്യോത്സവ്. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍