യോഹന്നാന്‍ ശങ്കരത്തില്‍ ഫോമ കണ്‍വന്‍ഷന്‍ കണ്‍വീനര്‍
Monday, September 21, 2015 6:10 AM IST
ഫിലാഡല്‍ഫിയ: ഫ്ളോറിഡയിലെ മയാമിയിലെ ഡ്യൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ 2016ല്‍ നടക്കുന്ന ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസിന്റെ അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ മിഡ് അറ്റ്ലാന്റിക് റീജണില്‍ നിന്നും കണ്‍വന്‍ഷന്‍ കണ്‍വീനറായി ഫിലാഡല്‍ഫിയായില്‍ നിന്നുള്ള യോഹന്നാന്‍ ശങ്കരത്തിലിനെ ഫോമ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു.

1990ല്‍ അമേരിക്കയില്‍ ഐക്യ നാടുകളിലെത്തിയ താന്‍, ആ വര്‍ഷം തന്നെ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ എന്ന സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. തുടര്‍ന്നു സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ബോര്‍ഡ് ഓഫ് ട്രസ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അവിഭക്ത ഫൊക്കാനയുടെ റീജണല്‍ വൈസ് പ്രസിഡന്റായും യോഹന്നാന്‍ ശങ്കരത്തില്‍ പ്രവര്‍ത്തിച്ചു.

ഫോമ എന്ന സംഘടന തുടങ്ങിയപ്പോള്‍ 2008ല്‍ ആര്‍വിപിയും 2010ല്‍ ഫോമ വൈസ് പ്രസിഡന്റായും 2012 ഇലക്ഷന്‍ കമ്മീഷണറായും 2014 ഫിലാഡല്‍ഫിയ കണ്‍വന്‍ഷനില്‍ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മയാമി കണ്‍വന്‍ഷനിലേക്കു കൂടുതല്‍ രജിസ്ട്രേഷന്‍ കൊണ്ടുവരാനും അംഗസംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്നും ഫോമ ആര്‍സിസി പ്രോജക്ടിനു തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ യുവ ജനങ്ങള്‍ സംഘടനാ നേതൃത്വത്തിലേക്കു വരണമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്