ബസേലിയോസ് മാര്‍ത്തോമ ദ്വിതിയന്‍ കാതോലിക്കാ ബാവാ കുവൈറ്റ് സന്ദര്‍ശിക്കുന്നു
Monday, September 21, 2015 6:05 AM IST
കുവൈത്ത്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ കുവൈത്ത് സന്ദര്‍ശിക്കുന്നു.

ഒക്ടോബര്‍ 16ന് ഹവല്ലി അല്‍ജീല്‍ അല്‍ജദീദ് സ്കൂളില്‍ നടക്കുന്ന സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാള്‍, ഒരുവര്‍ഷം നീണ്ടുനിന്ന സണ്‍ഡേ സ്കൂള്‍ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനം എന്നിവയ്ക്ക് മുഖ്യാതിഥിയായി എത്തിച്ചേരുന്ന പരിശുദ്ധ കാതോലിക്കാ ബാവാ ഒക്ടോബര്‍ 13 മുതല്‍ 16 വരെ കുവൈത്തില്‍ ഉണ്ടായിരിക്കും.

13നു വൈകുന്നേരം കുവൈത്തിലെ നാല് ഓര്‍ത്തഡോക്സ് ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട് അബാസിയ മറീന ഹാളില്‍ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാന ഉണ്ടായിരിക്കും. കുവൈത്ത് മഹാഇടവക സണ്‍ഡേ സ്കൂള്‍ പൂര്‍വവിദ്യാര്‍ഥികളുടെ സമ്മേളനത്തിലും പൌലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവാ പങ്കെടുക്കും. കോല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് ചടങ്ങുകളില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍