മലയാള ഭാഷയെ നെഞ്ചേറ്റി ചരിത്ര സെമിനാര്‍
Monday, September 21, 2015 6:03 AM IST
കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈത്തും മാതൃഭാഷാ സമിതിയും സംയുക്തമായി 'മലയാള ഭാഷ: ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. വെള്ളിയാഴ്ച്ച കലയുടെ മംഗഫ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കുവൈറ്റിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും കലയുടെ മാതൃഭാഷാ സമിതി ചെയര്‍മാനുമായ ജോണ്‍ മാത്യു സെമിനാര്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി. ഹിക്മത് അധ്യക്ഷത വഹിച്ചു. പീതന്‍ കെ. വയനാട് സംസാരിച്ചു. സംഘകാലം മുതല്‍ മലയാള ഭാഷയുടെ പരിണാമം ഏതുരീതിയിലാണ് വികസിച്ചത് എന്ന് വളരെ കൃത്യമായി വ്യക്തമാക്കുന്നതായിരുന്നു പീതന്‍ അവതരിപ്പിച്ച പ്രബന്ധം.

സെമിനാറില്‍ പ്രമുഖ നാടന്‍പാട്ട് കലാകാരനും കേരള ഫോക്ലോര്‍ അക്കാഡമിയുടെ മുന്‍ ചെയര്‍മാനുമായിരുന്ന സി.ജെ. കുട്ടപ്പന്‍ മുഖ്യ പ്രഭാഷണം നടത്തി. സെമിനാറില്‍ പങ്കെടുത്തുകൊണ്ട് അബ്ദുള്‍ ഫത്താഹ് തൈയില്‍, സജീവ് എം.ജോര്‍ജ്, സലിം രാജ്, സി.കെ. നൌഷാദ്, ഷാജു വി. ഹനീഫ്, ഷാജു മാസ്റര്‍, സനല്‍കുമാര്‍, കണ്ണന്‍, പി.ആര്‍. ബാബു, സലീല്‍ ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുശീല്‍ അവതരിപ്പിച്ച കവിത സെമിനാറിനു മാറ്റുകൂട്ടി. കലയുടെ സാഹിത്യ വിഭാഗം സെക്രട്ടറി വികാസ് കിഴാറ്റൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് മീഡിയ സെക്രട്ടറി ആര്‍. നാഗനാഥന്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍