കാനഡയില്‍ എക്സാര്‍ക്കേറ്റ് നിലവില്‍ വന്നു; മാര്‍ ജോസ് കല്ലുവേലില്‍ അഭിഷിക്തനായി
Saturday, September 19, 2015 9:17 AM IST
ടൊറേന്റോ: കാനഡയിലെ സീറോ മലബാര്‍ അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ എക്സാര്‍ക്ക് മാര്‍ ജോസ് കല്ലുവേലിലിന്റെ മെത്രാഭിഷേകവും ഭക്തിനിര്‍ഭരം. ഒന്റാറിയോ സംസ്ഥാനത്തെ മിസിസാഗ വെര്‍ജിന്‍ മേരി ആന്‍ഡ് സെന്റ് അത്തനേഷ്യസ് പള്ളിയില്‍ പ്രാദേശിക സമയം രാവിലെ പത്തിനു തുടങ്ങിയ ശുശ്രൂഷകള്‍ മൂന്നു മണിക്കൂര്‍ ദീര്‍ഘിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ സഹകാര്‍മികരായി. എക്സാര്‍ക്കേറ്റിന്റെ രൂപീകരണം, മാര്‍ ജോസ് കല്ലുവേലിലിനെ എക്സാര്‍ക്ക് ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം എന്നിവയുള്‍പ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് കാനഡയിലെ അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ലിയൂജി ബൊണാസിയും സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയ വൈസ് ചാന്‍സലര്‍ റവ. ഡോ. സെബാസ്റ്യന്‍ വാണിയപ്പുരയ്ക്കലും വായിച്ചു. ഫാ. ജോസ് ആലയ്ക്കക്കുന്നേലായിരുന്നു ആര്‍ച്ച്ഡീക്കന്‍. മെത്രാഭിഷേകത്തിനുശേഷം മാര്‍ മാര്‍ ജോസ് കല്ലുവേലില്‍ ദിവ്യബലി അര്‍പ്പിച്ചു. അതിനുശേഷം എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍നിന്നുള്ള മെത്രാന്മാരും വൈദികരും വിശ്വാസികളും ശുശ്രൂഷകളില്‍ പങ്കെടുത്തു. പാലക്കാട് രൂപതാംഗമായ മാര്‍ കല്ലുവേലില്‍ 2013 മുതല്‍ ടൊറേന്റോയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി അജപാലനശുശ്രൂഷ ചെയ്തുവരികയാണ്. ചെണ്ടമേളം, താലപ്പൊലി, ബാന്‍ഡ്മേളം തുടങ്ങിയവയുടെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ പള്ളിയിലേക്ക് ആനയിച്ചത്. മിസിസാഗയിലാണു പുതിയ എക്സാര്‍ക്കേറ്റിന്റെ ആസ്ഥാനം.

റിപ്പോര്‍ട്ട്: ജോളി ജോസഫ്