ഷോണ്‍ മാത്യൂസ് ഡാന്‍സ് ഇന്ത്യ ഡാന്‍സ് നോര്‍ത്ത് അമേരിക്കാ-2015 വിജയി
Saturday, September 19, 2015 7:10 AM IST
കാലിഫോര്‍ണിയ: പെന്‍സില്‍വാനിയായില്‍ നിന്നുമുള്ള ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി പതിനഞ്ചുകാരനായ ഷോണ്‍ മാത്യൂസ് സിടിവി സംഘടിപ്പിച്ച ഡാന്‍സ് ഇന്ത്യാ ഡാന്‍സ് നോര്‍ത്ത് അമേരിക്കാ-2015 മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫൈനല്‍ മത്സരത്തില്‍ റണ്ണര്‍ റപ്പ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം റോഷ്ണി ഷെട്ടി, റോഹിത് ജിജിറി എന്നിവര്‍ കരസ്ഥമാക്കി.

അനശ്വര ബോളിവുഡ് ഗായകന്‍ മൈക്കിള്‍ ജാക്സന്റെ ഗാനത്തിനൊപ്പം അതിമനോഹരമായ ചുവടുകള്‍ വച്ച ഷോണ്‍ മാത്യൂസ് കാണികളെ പോലും അദ്ഭുതപ്പെടുത്തിയാണ് തന്റെ ഡാന്‍സിലുള്ള പ്രാവിണ്യം തെളിയിച്ചത്.

പെന്‍സില്‍വാനിയ ഹാരിസമ്പര്‍ഗില്‍നിന്നുള്ള പത്താം ക്ളാസു വിദ്യാര്‍ഥിയായ ഷോണ്‍ മാത്യൂസ് പത്തു വയസു മുതലാണ് നൃത്തം അഭ്യസിച്ചു തുടങ്ങിയത്. പതിനഞ്ചു മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ എല്ലാ മത്സരാര്‍ഥികളും ഭംഗിയായി ചുവടുകള്‍ വച്ചുവെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടമായിരുന്നു ഷോണ്‍ മാത്യൂസ് കാഴ്ചവച്ചതെന്ന് ഡാന്‍സ് കോറിയോഗ്രാഫര്‍ നകുല്‍ദേവ് മഹാജല്‍ പറഞ്ഞു.

ഇരുപതിനാരത്തോളം ഒഡിഷന്‍ വീഡിയോകള്‍ ലഭിച്ചതില്‍ നിന്നും 20 പേര്‍ക്കാണ് ഫൈനല്‍ റൌണ്ടിലേക്കു പ്രവേശനം ലഭിച്ചത്. മൂന്നു വിജയികളും ആര്യാ ഡാന്‍സ് അക്കാഡമി വിദ്യാര്‍ഥികളാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍